കൊച്ചി: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 20 നഗരങ്ങളെ ഏറ്റവും ആധുനികമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച സ്മാര്‍ട്ട് സിറ്റി മിഷന് പദ്ധതിയ്ക്കു തുടക്കം. ഇന്നലെ പൂനെയിലെ ബെല്‍വാഡി ഛത്രപതി ശിവാജി സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്മാര്‍ട്ട്സിറ്റി മിഷന് രാജ്യത്തിനു സമര്‍പ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അതതിടങ്ങളിലെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊച്ചി കളക്ടറേറ്റിലെ എന്‍ഐസി ഹാളില്‍ ഒരുക്കിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സമ്മേളനത്തില്‍ കോര്പറേഷന് മേയര്‍ സൗമിനി ജെയിന് മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയര്‍ ടി. ജി. വിനോദ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എ. ബി. സാബു, പി. എം. ഹാരിസ്, അഡ്വ. മിനി മോള്, ഷൈനി മാത്യു, ഗ്രേസി ജോസഫ്, കേന്ദ്ര നഗരികാര്യ ഡയറക്ടര്‍ ആനന്ദ് മോഹന്‍, ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം, കോര്പറേഷന് സെക്രട്ടറി അമിത് മേനോന്, കോര്പറേഷന് എന്‍ജിനീയര്‍ ശശികുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ വെങ്കയ്യനായ്ഡു, വിദ്യാസാഗര്‍ റാവു, പ്രകാശ് ജാവദേക്കര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മന്ത്രിമാരായ രാജീവ് ഗോപാല്‍, ഗിരിഷ് ബാപട്, പൂന മേയര്‍ പ്രശാന്ത് സര്‍ക്കാര്‍ എന്നിവര്‍ പൂനെയിലെ ചടങ്ങിലും ആന്ധ്രപ്രദേശി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്, രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും ചടങ്ങില്‍ പങ്കെടുത്തു.
സ്മാര്‍ട്ട്സിറ്റി മിഷന് സമര്‍പ്പണത്തിനു മുമ്പ് പ്രധാനമന്ത്രി സ്മാര്‍ട്ട്സിറ്റി മത്സരവും മൈ ഗവ.സ്മാര്ട്ട്നെറ്റും ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട്സിറ്റി മത്സരത്തില്‍ സ്കെച്ചുകളും 3 ഡി ചിത്രീകരണവും ഉള്‍പ്പെടെയുള്ള എന്‍ട്രികള്‍ സമൂഹത്തിലെ ആര്‍ക്കുവേണമെങ്കിലും സമര്‍പ്പിക്കാം. ഒന്നരലക്ഷം രൂപവരെയാണു സമ്മാനം. കൊച്ചി ഉള്‍പ്പെടെ 20 നഗരങ്ങളാണു ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചിയില്‍ മൂന്നു നിര്‍മാണങ്ങള്‍ക്കാണു തുടക്കമിട്ടത്. ഫോര്‍ട്ട്കൊച്ചി സെന്റ്ജോണ്‍സ് പാര്‍ക്ക്, പള്ളുരുത്തിയില്‍ രണ്ട് പദ്ധതികള്‍ എന്നിവ.
Post Your Comments