NewsIndia

കുടുംബാംഗങ്ങളെ കണ്ണീരിലാഴ്ത്തി “ദൈവത്തിന്‍റെ സമ്മാനമായ” ഹാര്‍ലെക്വിന്‍ ബേബി

ബാഹ്യമായുള്ള ത്വക്കിന്‍റെ ആവരണം ഇല്ലാത്ത വിരളമായ ജന്മവൈകല്യവുമായി പിറന്ന പെണ്‍കുഞ്ഞ് നാഗ്പൂരിലെ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. ജനിച്ച ശേഷമുള്ള രണ്ട് ദിവസങ്ങള്‍ ഈ കുഞ്ഞ് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലായിരുന്നു.

1.8-കിലോഗ്രാം ഭാരവുമായി ജനിച്ച ഈ കുഞ്ഞിന് 3-ലക്ഷത്തില്‍ ഒരു കുഞ്ഞിന് മാത്രം ഉണ്ടാകുന്ന ഹാര്‍ലെക്വിന്‍ ഇക്തിയോസിസ് എന്ന വിരളമായ ജന്മവൈകല്യമായിരുന്നു. കുട്ടിയുടെ ശരീരം ദൃഡതയാര്‍ന്ന, വിള്ളല്‍ വീണ കനത്ത ത്വക്പാളികള്‍ കൊണ്ട് അവരണം ചെയ്യപ്പെട്ടതും, ആന്തരികാവയവങ്ങള്‍ പുറമേ കാണാവുന്ന രീതിയില്‍ ഉള്ളതുമായിരുന്നു.

കുട്ടിയെ തിങ്കളാഴ്ച പുലര്‍ച്ചെ ഓക്സിജന്‍ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും നാഗ്പൂരിലെ ലതാ മംഗേഷ്കര്‍ മെഡിക്കല്‍കോളേജ് ആന്‍ഡ്‌ ഹോസ്പിറ്റലില്‍ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ള വിദര്‍ഭ പ്രവിശ്യയിലെ ഒരു 23-കാരിക്കാണ് ഈ കുഞ്ഞു പിറന്നത്.

“അമരാവതിയില്‍ നിന്നുള്ള പാവപ്പെട്ട ഒരു കര്‍ഷകനായ കുഞ്ഞിന്‍റെ അച്ഛനേയും മുത്തശിയേയും കുട്ടിയെ കാണിച്ചപ്പോള്‍ ആദ്യം അവര്‍ ഒരു ഞെട്ടലില്‍ ആയിരുന്നു. പക്ഷേ, അധികം താമസിയാതെ അവര്‍ തങ്ങളുടെ വീട്ടിലെ പുതിയ അതിഥിയുടെ അവസ്ഥയുമായി പൊരുത്തപ്പെടുകയും ചെയ്തു,” ആശുപത്രിയുടെ ഡീന്‍ ഡോക്ടര്‍ കാജല്‍ മിത്ര പറഞ്ഞു.

കുട്ടിയുടെ അമ്മയെ ആദ്യമൊന്നും കുട്ടിയെ കാണാന്‍ അനുവദിക്കാതിരുന്ന ആശുപത്രി അധികൃതര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക്ശേഷം ഒരു സംഘം ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ കുഞ്ഞിനെ കാണിച്ചുകൊടുത്തു. കുഞ്ഞിനെക്കണ്ട അമ്മ പ്രതീക്ഷിച്ചതുപോലെ തന്നെ ദുഃഖിതയായി കാണപ്പെട്ടു.

“ഹാര്‍ലെക്വിന്‍ ഇക്തിയോസിസ് പോലുള്ള ത്വക്സംബന്ധമായ വൈകല്യങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന അള്‍ട്രാസോണോഗ്രഫി വഴി കണ്ടെത്താന്‍ കഴിയില്ല,” ഡോക്ടര്‍ മിത്ര പറഞ്ഞു.

കുഞ്ഞിന്‍റെ മരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം അവള്‍ ദൈവത്തില്‍ നിന്നുള്ള ഒരു സമ്മാനമായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button