ജലന്ധര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പഞ്ചാബിലെ ലഹരി പ്രശ്‌നത്തിന് ഒരു മാസത്തിനകം പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊലീസിന് സ്വാതന്ത്യം നല്‍കിയായിരിക്കും ലഹരി മയക്കു മരുന്നു പ്രശ്‌നത്തിന് പരിഹാരം കാണുക. അധികാരത്തിലിരിക്കുന്ന ബി.ജെ.പി- അകാലിദള്‍ സഖ്യമാണ് ലഹരിമരുന്നു കച്ചവടത്തെ പ്രോല്‍സാഹിപ്പിക്കുന്നത്. ഇതിലൂടെ അവര്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബിലെ സാമൂഹിക സ്ഥിതി അനുസരിച്ച് ലഹരിവ്യാപാരമാണ് ഏറ്റവും സുഗമമായി നടത്താന്‍ കഴിയുന്ന ബിസിനസ്സെന്നും ഇത് അവസാനിപ്പിക്കണമെങ്കില്‍ പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ സ്വാതന്ത്ര്യം നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് അകാലിദള്‍. മയക്കുമരുന്ന് കച്ചവടക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തതില്‍ ബി.ജെ.പിക്കും പങ്കുണ്ടെന്നു അദ്ദേഹം ആരോപിച്ചു.
യാഥാര്‍ത്ഥ്യം ഉള്‍ക്കൊളളാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല. പഞ്ചാബിലെ ലഹരി പ്രശ്‌നം നേരത്തെ തന്നെ താന്‍ ചൂണ്ടിക്കാട്ടിയിരുന്നു എന്നാല്‍ അന്നൊന്നും അതിനെ ആരും വിലക്കെടുത്തില്ല. ഉഡ്ത പഞ്ചാബ് സിനിമയോട് സെന്‍സര്‍ ബോര്‍ഡ് സ്വീകരിച്ച നിലപാടിനെക്കുറിച്ചും രാഹുല്‍ പ്രതികരിച്ചു. ഇന്നിതാ പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ ഉഡ്ത പഞ്ചാബെന്ന ചിത്രമിറങ്ങിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പോലും ഇതിനെതിരെ തിരിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ രാഹുലിനൊപ്പം പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
Post Your Comments