ന്യൂഡൽഹി: പാർലമെന്റിൽ കഴിഞ്ഞ ദിവസം അതിക്രമം കാട്ടിയ ഉത്തർപ്രദേശ് സ്വദേശി സാഗർ ശർമ കേന്ദ്രസർക്കാർ നടപ്പാക്കുന്ന നല്ല പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായിരുന്നെന്ന് ബന്ധുക്കൾ. സാഗറിന്റെ അമ്മാവൻ പ്രദീപ് ശർമ്മ ‘ദി പ്രിന്റി’നോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സർക്കാർ നടപ്പാക്കുന്ന നല്ല പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായിരുന്നെന്നും ഈ സർക്കാരിന് വോട്ട് ചെയ്യുമെന്നും പറയാറുണ്ടായിരുന്നുവെന്ന് അമ്മാവൻ പറയുന്നു. പിന്നെ എന്തുകൊണ്ടാണ് സാഗർ ഇത്തരമൊരു പ്രവർത്തിയിൽ ഏർപ്പെട്ടതെന്ന് തനിക്കറിയില്ലെന്നും പ്രദീപ് ശർമ്മ പറയുന്നു. തന്റെ അനന്തരവനെ ആരോ സ്വാധീനിച്ചതായാണ് ഇദ്ദേഹത്തിന്റെ സംശയം.
“അവന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നെങ്കിൽ, ലോക്കൽ പോലീസ് സ്റ്റേഷനിൽ എന്തെങ്കിലും ക്രിമിനൽ റെക്കോർഡ് ഉണ്ടാകണമായിരുന്നു. ആരോ അവനെ സ്വാധീനിച്ചതാവാനാണ് സാധ്യത. വർഷങ്ങളായി ലഖ്നൗവിലാണ് താമസിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ അവനെതിരെ ഒരു കേസും ഇതുവരെ ഇല്ല’’ -അദ്ദേഹം പറഞ്ഞു.
അതേസമയം, താൻ ദേശഭക്തനാണെന്നും ഉപദ്രവിക്കരുതെന്നും ലോക്സഭയിൽ എം.പിമാർക്കിടയിലേക്ക് ചാടിക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടെ സാഗർ ശർമ വിളിച്ച് പറയുന്നുണ്ടായിരുന്നു. അടിച്ചും തൊഴിച്ചും എം.പിമാർ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുമ്പോഴാണ് സാഗർ ഇങ്ങനെ വിളിച്ചുപറഞ്ഞത്. ഇതെന്ത് ദേശഭക്തിയാണെന്ന് ചോദിച്ച് ചുറ്റുമുള്ള എം.പിമാർ വീണ്ടുമിടിച്ചു.
തുടർന്ന് സാഗറിനെ രണ്ടാമത് പിറകിൽനിന്ന് പിടിച്ച മനോരഞ്ജന് അടുത്തേക്ക് കൊണ്ടുപോയി ഇരുവരെയും ഒരുമിച്ച് കൈകാര്യം ചെയ്താണ് എം.പിമാർ സുരക്ഷാ സൈനികർക്ക് കൈമാറിയത്. പ്രതിഷേധിക്കാനുള്ള അവകാശം വകവെച്ചുതരണമെന്ന് മനോരഞ്ജൻ പറയുന്നുണ്ടായിരുന്നു.
Post Your Comments