NewsIndia

കേന്ദ്രത്തില്‍ അഴിച്ചുപണി ജൂണ്‍ മധ്യത്തോടെ

ന്യൂഡല്‍ഹി: ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ജൂണ്‍ 15നുശേഷം നടക്കും.
കേന്ദ്ര മന്ത്രിസഭയിലെ ഒഴിവ് നികത്തല്‍, ചില മന്ത്രിമാരെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് മാറ്റല്‍, യു.പിയില്‍നിന്ന് ചില നേതാക്കളെ മന്ത്രിമാരാക്കല്‍ ഇത്രയുമാണ് പുനഃസംഘടന കൊണ്ടുദ്ദേശിക്കുന്നത്. ചെറിയ ഒരു അഴിച്ചുപണി മാത്രമാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതെന്നാണ് സൂചന. മന്ത്രിസഭയിലെ പ്രമുഖര്‍ക്കോ അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്കോ മാറ്റം ഉണ്ടാകില്ല.
ബിഹാറില്‍നിന്നുള്ള ചില മന്ത്രിമാരെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കും. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തര്‍പ്രദേശില്‍നിന്ന് ചില നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും.

കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെച്ച് അസം മുഖ്യമന്ത്രിയായ സര്‍ബാനന്ദ സോനെവാളിന് പകരം ഒരാളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍നിന്ന് ആരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് സൂചന. കേരളത്തില്‍നിന്ന് ആരെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ അവരെ മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് രാജ്യസഭയില്‍ എത്തിക്കണം. നിലവിലെ സാഹചര്യത്തില്‍ അത് ബുദ്ധിമുട്ടാണ്.
രാജ്യസഭയിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഒഴിവുകളില്‍ തിരഞ്ഞെടുപ്പ് ജൂണ്‍ 11നാണ്. ജൂണ്‍ 12, 13 തീയതികളില്‍ ബി.ജെ.പി. ദേശീയനിര്‍വാഹക സമിതി അലഹാബാദില്‍ ചേരുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേത്തിക്കാനായി കേന്ദ്രമന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന പര്യടനം ജൂണ്‍ രണ്ടാംവാരം വരെ തുടരും. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ പുനഃസംഘടന ജൂണ്‍ മധ്യം വരെ നീളുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button