KeralaNews

സംസ്ഥാനത്ത് മത്സ്യക്ഷാമം; ആശ്വാസമായി ‘ഒബാമ മത്തി’യെത്തി

തിരുവനന്തപുരം: കടല്‍ പ്രക്ഷുബ്ധമായതോടെ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞു. ചെറുമീനുകള്‍ കിട്ടാനില്ല. ഒമാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നു മത്സ്യങ്ങള്‍ എത്തിത്തുടങ്ങി. വലിയ മത്തിയാണു പ്രധാനമായും ഒമാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്. കിലോഗ്രാമിന് 170 മുതല്‍ 200 രൂപ വരെയാണു വില. ഒബാമ മത്തിയെന്ന പേരിലാണ് ഇത് നാട്ടിന്‍പുറങ്ങളില്‍ വിറ്റഴിക്കുന്നത്. ചെമ്മീന്‍ 240, കേര 300, ചൂര240, നത്തോലി 160, അയല 280, കിളിമീന്‍200, ശീലാവതി 160, നെയ്മീന്‍ 700 എന്നിങ്ങനെയാണ് ഇപ്പോഴത്തെ മീന്‍ വില. ഒമാനില്‍ നിന്ന് കപ്പല്‍ വഴി പായ്ക്കറ്റുകളിലായാണ് കൊച്ചിയിലേക്ക് മത്സ്യം എത്തുന്നത്. ഇവിടെ നിന്നാണ് വിവിധ ജില്ലകളിലേക്കുള്ള വിതരണം.
സാധാരണ ട്രോളിങ് നിരോധനകാലത്താണ് കേരളത്തില്‍ മത്‌സ്യ ക്ഷാമം രൂക്ഷമാകുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനമാണ് ഇപ്പോഴത്തെ മത്സ്യലഭ്യത കുറവിനു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് കൊടും ചൂടാണ് ചുട്ടുപൊള്ളുന്ന തീരത്ത് നിന്നു മത്സ്യങ്ങളെ അകറ്റിയത്. ഇപ്പോള്‍ കടലാക്രമണമാണ് തിരിച്ചടിയാകുന്നത്. ഇതിനിടയിലും യന്ത്രവത്കൃത ബോട്ടുകളിലും വള്ളങ്ങളിലും ആലപ്പുഴ ഉള്‍പ്പടെയുള്ള ജില്ലകളുടെ തീരത്ത് മത്സ്യ ബന്ധം നടക്കുന്നുണ്ട്. എന്നാല്‍ മത്സ്യ ലഭ്യത 55 ശതമാനത്തോളം കുറഞ്ഞതായി പ്രധാന ഇടനിലക്കാര്‍ പറയുന്നു.
കടല്‍മത്സ്യങ്ങള്‍ കുറഞ്ഞതോടെ കായല്‍ മീനുകള്‍ക്കും വില ഉയര്‍ന്നു. കിലോഗ്രാമിന് 350 രൂപയായിരുന്ന കരിമീനിന് ഇപ്പോള്‍ 500 രൂപ വരെയായി. കൊഞ്ചിന് കിലോയ്ക്ക് 900 രൂപയായി. മണ്‍സൂണ്‍ എത്തുന്നതോടെ ക്ഷാമം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. അതിനിടെ ഗുജറാത്ത്, ബംഗാള്‍, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നും മത്സ്യം ധാരാളമായി എത്തുന്നുണ്ട്. ഇവ ചീയാതിരിക്കാന്‍ ഫോര്‍മിലിന്‍, അമോണിയ പോലെയുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. അതോടെ ആഴ്ചകളോളം കേടുവരാതെ ഇരിക്കും. ഐസില്‍ നിന്ന് പുറത്തെടുത്താല്‍ മീനിന്റെ നിറത്തില്‍ വ്യത്യാസം കാണാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button