ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് സ്വിസ് യുവതിയെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് പിടികൂടിയത് വിദഗ്ധമായി. വെറും 12 മണിക്കൂർ കൊണ്ടാണ് പ്രതിയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്. അത്ര വ്യക്തതയില്ലാത്ത ഒരുപിടി തെളിവുകൾ മാത്രമാണ് കൊലപാതകത്തിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസിനു ലഭിച്ചത്. പലതവണ ഉടമകൾ മാറിയ ഒരു വെള്ള കാർ, ഒരു വനിതാ ലൈംഗിക തൊഴിലാളിയുടെ ആധാർ കാർഡ്, തീർത്തും തെറ്റായ ഒരു ഫോൺ നമ്പർ ഇത് മൂന്നെണ്ണമായിരുന്നു ഡൽഹി പോലീസിന്റെ പിടിവള്ളി. ഈ തെളിവുകൾ മാത്രം വച്ചാണ് വിദേശ വനിതയുടെ കൊലപാതകം 12 മണിക്കൂറിനുള്ളിൽ പോലീസ് തെളിയിച്ചത്.
മൃതദേഹത്തിന്റെ കൈകളും കാലുകളും ലോഹ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. കറുത്ത പ്ലാസ്റ്റിക് ബാഗ് കൊണ്ട് മൃതദേഹം മൂടിയിരുന്നു. ഗുർപ്രീത് സിംഗ് എന്ന യുവതിയെ ആണ് യുവാവ് കൊലപ്പെടുത്തിയത്. സ്വിറ്റ്‌സർലൻഡിൽ വെച്ച് പരിചയപ്പെട്ട 30 കാരിയായ യുവതിയുമായി ഇയാൾ ബന്ധത്തിലായിരുന്നു. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മന്ത്രവാദം നടത്താനെന്ന വ്യാജേന പ്രതി യുവതിയുടെ കൈകാലുകൾ കെട്ടുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായി. വെള്ളിയാഴ്ച രാവിലെ തിലക് നഗർ പ്രദേശത്തെ സർക്കാർ സ്‌കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ക്യാമറാ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മൃതദേഹം കാറിൽ കൊണ്ടുവന്നത് ആരാണെന്ന് പോലീസ് കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ നിന്ന് 2.25 കോടി രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
Post Your Comments