KeralaNews

സത്യപ്രതിജ്ഞ ചടങ്ങിന് ഒരുക്കങ്ങള്‍ തകൃതി : പന്തലൊരുങ്ങി, 30,000 പേര്‍ക്ക് ചടങ്ങ് കാണാം

തിരുവനന്തപുരം: ബുധനാഴ്ച വൈകിട്ടു നാലിനു നടക്കുന്ന ഇടതുമുന്നണി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടങ്ങി. 30,000 പേര്‍ക്കു തല്‍സമയം ചടങ്ങു വീക്ഷിക്കാനാകുംവിധമാണു വേദിയൊരുക്കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വേണമെന്നും ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തോടു ചേര്‍ന്നാണു വേദി. പ്രധാന പന്തലില്‍ 2500 പേര്‍ക്ക് ഇരിക്കാം. മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ വേദിയുടെ മുന്‍ഭാഗത്തും ഗാലറിയിലും പന്തലിടും.

ഗാലറിയില്‍ ഇരിക്കുന്നവര്‍ക്കു ചടങ്ങ് അടുത്തുകാണാനായി എട്ട് എല്‍.ഇ.ഡി സ്‌ക്രീനുകള്‍ ഒരുക്കുന്നുണ്ട്. തിരക്കുമൂലം സ്റ്റേഡിയത്തിനകത്തേക്കു പ്രവേശിക്കാനാകാത്തവര്‍ക്കായി സെക്രട്ടേറിയറ്റ് അനക്‌സ്, ജേക്കബ്‌സ് ജംഗ്ഷന്‍ തുടങ്ങി നാലിടത്ത് എല്‍.ഇ.ഡി വാള്‍ സ്ഥാപിക്കും. പാളയം, സ്റ്റാച്യു എന്നിവിടങ്ങളിലും സ്‌ക്രീനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് തല്‍സമയം കാണാം.ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു വി.വി.ഐപ.ി വാഹനങ്ങള്‍ മാത്രമേ സ്റ്റേഡിയത്തിനകത്തേക്കു പ്രവേശിപ്പിക്കൂ. ഗവര്‍ണര്‍, മുഖ്യമന്ത്രി, നിയുക്ത മന്ത്രിമാര്‍, ദേശീയ നേതാക്കള്‍ തുടങ്ങിയവരുടെ വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. തിരക്കൊഴിവാക്കുന്നതിനു സെക്രട്ടേറിയറ്റ് പരിസരത്തു പാര്‍ക്കിങ് ഒഴിവാക്കും. വന്‍ ജനക്കൂട്ടം എത്തിച്ചേരുന്നതിനാല്‍ മെഡിക്കല്‍ സംഘമുള്‍പ്പെടെ സേവനങ്ങളും ഉറപ്പാക്കും.

മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബിജെപി നേതാവ് ഒ.രാജഗോപാല്‍ തുടങ്ങിയ പ്രമുഖരെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു ക്ഷണിച്ചിട്ടുണ്ട്. നിലവിലെ എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍ മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ ഡിജിപിമാര്‍, നിലവിലെ സെക്രട്ടറിമാര്‍, ഡിജിപിമാര്‍, കമ്മിഷന്‍ ചെയര്‍മാന്‍മാര്‍ തുടങ്ങിയവരെ സര്‍ക്കാര്‍ നേരിട്ടാണു ക്ഷണിക്കുക. ഇവര്‍ക്കുള്ള ക്ഷണക്കത്ത് അയച്ചു തുടങ്ങി. ബാക്കിയുള്ളവരെ പാര്‍ട്ടി ക്ഷണിക്കും.സദസിന്റെ മുന്‍നിരയില്‍ വി.വി.എപികള്‍ക്കും വി.ഐ.പികള്‍ക്കുമുള്ള ഇരിപ്പിടമായിരിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍, എം.എല്‍.എമാര്‍ എന്നിവരും ചടങ്ങിനെത്തും.

2006ല്‍ വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേദിയും സെന്‍ട്രല്‍ സ്റ്റേഡിയമായിരുന്നു. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ രാജ്ഭവനിലാണു സത്യപ്രതിജ്ഞ ചെയ്തത്.ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. പിണറായിയുടെ ജന്മനാടായ കണ്ണൂരില്‍നിന്നടക്കമുള്ള പ്രവര്‍ത്തകര്‍ നാളെ ചടങ്ങിനെത്തും. പ്രവര്‍ത്തകര്‍ക്കു വഴികാട്ടാനും നിയന്ത്രിക്കാനും റെഡ് വൊളന്റിയര്‍മാരുടെ സേവനവുമുണ്ടാകും. സ്റ്റേഡിയത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷാ സന്നാഹവും ഒരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button