Kerala

എല്‍.ഡി.എഫ് വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ ശ്രമം- പിണറായി വിജയന്‍

തിരുവനന്തപുരം ● എല്‍.ഡി.എഫിന്‌ അത്യുജ്ജ്വല വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ അതിന്റെ മാറ്റ്‌ കുറയ്‌ക്കാനും ജനങ്ങളില്‍ തെറ്റിധാരണ സൃഷ്ടിക്കാനും വ്യാപകമായ ശ്രമങ്ങള്‍ യു.ഡി.എഫും ബിജെപിയും നടത്തുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും ധമടം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്‍.

സംസ്ഥാനത്താകെ വന്‍തോതില്‍ പണവും മദ്യവും ഒഴുക്കുന്നതിനു പുറമേ വ്യാജ നോട്ടീസുകള്‍ പ്രചരിപ്പിക്കുന്നു. വടകരയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ നാടകം അതിന്റെ മറ്റൊരു പതിപ്പാണ്‌. വോട്ടു ചോദിക്കാന്‍ ചെന്ന്‌ വീട്ടുകാരോട്‌ മോശമായി പ്രതികരിച്ചു മടങ്ങിയ സ്ഥാനാര്‍ഥി ആക്രമിക്കപ്പെട്ടു എന്ന്‌ കള്ളക്കഥ പരത്താന്‍ സംസ്ഥാന മുഖ്യമന്ത്രി തന്നെ തയാറായി. അപഹാസ്യമായ ഇത്തരം രീതികളില്‍നിന്ന്‌ യു.ഡി.എഫിന്റെ പരാജയ ഭീതി എത്രയാണ്‌ എന്ന്‌ മനസ്സിലാക്കാമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം നീക്കങ്ങള്‍ അവസാന നിമിഷം വരെ പ്രതീക്ഷിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‌ത്തകരും അനുഭാവികളും അതീവ ജാഗ്രത പാലിക്കണം. ഒരു നിമിഷം പോലും പാഴാക്കാതെ, അനുകൂലമായ മുഴുവന്‍ വോട്ടുകളും ഒരു തടസ്സവുമില്ലാതെ ബൂത്തില്‍ എത്തും എന്ന്‌ ഉറപ്പാക്കണം.

യു.ഡി.എഫ്‌-എന്‍.ഡി.എ നീക്കുപോക്ക്‌ നേരത്തെ നിലവിലുണ്ട്‌. അവസാന നിമിഷം ചില മണ്ഡലങ്ങള്‍ തെരഞ്ഞെടുത്ത്‌ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുമുണ്ട്‌. അത്തരം നീക്കങ്ങള്‍ മറികടക്കുന്നതും എല്‍.ഡി.എഫിന്‌ വലിയ മുന്‍തൂക്കം ഉള്ളതുമാണ്‌ കേരളത്തിന്റെ ജനവികാരം. അത്‌ പൂര്‍ണ്ണതോതില്‍ പ്രതിഫലിപ്പിക്കാന്‍ നമ്മുടെയാകെ പങ്കാളിത്തം അനിവാര്യമാണ്‌. അതിനായി ജാഗരൂകരായി, കര്‍മ്മനിരതരായി രംഗത്തിറങ്ങാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നതായും പിണറായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button