വിളപ്പിൽ: നിശബ്ദ പര്യടന ദിനമായ ഇന്നലെയും വോട്ടർമാരെ നേരിൽ കണ്ട്, അണികൾക്ക് ആവേശം പകർന്ന് കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി.കെ. കൃഷ്ണദാസ് മണ്ഡലത്തിൽ സജീവം. രാവിലെ വിളപ്പിൽ പഞ്ചായത്തിലെ പേയാട് ഭജനമഠം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ കൃഷ്ണദാസ് സമീപത്തെ പ്രധാന വോട്ടർമാരെ സന്ദർശിച്ച് വോട്ടുറപ്പിച്ചു. തുടർന്ന് പഞ്ചായത്തിലുടനീളം ഒരു ഓട്ടപ്രദക്ഷിണം.
ബിജെപി ബൂത്ത് ഓഫീസുകളിൽ കയറി പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകിയും വിജയ പ്രതീക്ഷകൾ പങ്കുവച്ചുമായിരുന്നു കൃഷ്ണദാസിന്റെ നിശബ്ദപര്യടനം. വിളവൂർക്കൽ പഞ്ചായത്തിലേക്ക് കടക്കുമ്പോൾ സ്ക്വാഡ് വർക്കിൽ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തകരെ കണ്ട് കൃഷ്ണദാസ് കാർ നിർത്തി. അവരോട് അൽപ്പം കുശലാന്വഷണം. തോളിൽ തട്ടി ഉഷാറാകുവാൻ ഓർമ്മപ്പെടുത്തിയ ശേഷം വിളവൂർക്കലിലെ പരിചിതമായ നാട്ടുവഴികളിലൂടെ വീണ്ടും യാത്ര തുടർന്നു. കാട്ടാക്കട മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും വിശ്രമമില്ലാതെ ഓടിനടന്നായിരുന്നു കൃഷ്ണദാസിന്റെ ഓട്ടഭ്യർത്ഥന. ഇടയ്ക്ക് മാറനല്ലൂർ പഞ്ചായത്തിൽ വച്ചുകണ്ട മാധ്യമ പ്രവർത്തകൻ വിജയം ഉറപ്പിച്ചല്ലോ എന്ന് ചോദിച്ചപ്പോൾ, കാട്ടാക്കടക്കാർ എന്നെ സ്വീകരിക്കുമെന്ന് സ്വദസിദ്ധമായ ശൈലിയിൽ കൃഷ്ണദാസ്.
പ്രധാന വോട്ടർമാർ, മണ്ഡലത്തിലെ ചില സാമൂഹിക സാംസ്ക്കാരിക പ്രമുഖർ, മുൻപ് കണ്ട് വോട്ടഭ്യർത്ഥന നടത്തിയിരുന്നവർ തുടങ്ങി നിരവധിപേർക്കരികിൽ കൃഷ്ണദാസ് ഇന്നലെ വീണ്ടുമെത്തി. ഇതിനിടെ ഒരു വിവാഹം, മൂന്ന് കുടുംബ യോഗങ്ങൾ എന്നിവയിലും പങ്കെടുത്തു. ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാന കൗൺസിലംഗം കാട്ടാക്കട ശശി, മണ്ഡലം പ്രസിഡന്റ് ജി.രാധാകൃഷ്ണൻ നായർ, പെരുമ്പഴുതൂർ ഷിബു തുടങ്ങിയവർക്കൊപ്പമായിരുന്നു സ്ഥാനാർത്ഥിയുടെ യാത്ര.
Post Your Comments