ഓണക്കാലം ആഘോഷമാക്കി സ്വർണവിപണി. പതിവ് തെറ്റിക്കാതെ ഇത്തവണയും കോടികളുടെ സ്വർണമാണ് മലയാളികൾ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താൽ കേരളീയർ 5,000 കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് വാങ്ങിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഓണക്കാലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 25 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓണത്തിന് 4,200 കോടി രൂപയുടെ വിറ്റുവരവ് നേടാൻ സ്വർണവിപണിക്ക് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള വിലക്കുറവ്, വിവാഹ സീസൺ, ഓണം ഓഫറുകൾ എന്നിവയാണ് മിക്ക ആളുകളെയും സ്വർണം വാങ്ങുന്നതിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ. സാധാരണയായി ഒരു ദിവസം 300 കോടി രൂപയുടെ കച്ചവടം നടക്കാറുണ്ട്. എന്നാൽ, ഓണത്തോടനുബന്ധിച്ച ദിവസങ്ങളിലെ പ്രതിദിന വിൽപ്പന 500 കോടി രൂപയാണ്. 2 ഗ്രാം മുതൽ 4 ഗ്രാം വരെയുള്ള ചെറിയ പർച്ചേസുകളാണ് ഇത്തവണ കൂടുതലായും നടന്നത്. അതേസമയം, എക്സ്ചേഞ്ച് ചെയ്ത് സ്വർണം വാങ്ങുന്ന പ്രവണത ഇക്കുറി താരതമ്യേന കുറഞ്ഞിട്ടുണ്ട്.
Also Read: ബൈപാസ് റോഡ് നിര്‍മാണത്തിനെടുത്ത കുഴയിലേക്ക് കാര്‍ മറിഞ്ഞ് അപകടം: ഒരാള്‍ മരിച്ചു
ഓഗസ്റ്റ് മാസം മുതൽ നിരവധി തവണ സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നെങ്കിലും, മുൻ മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തിൽ വില താരതമ്യേന കുറവായിരുന്നു. വില കുറഞ്ഞതോടെ നിരവധി ആളുകളാണ് സ്വർണം വാങ്ങാൻ എത്തിയത്. കൂടാതെ, ജ്വല്ലറികൾ ഓണത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിരുന്നു. വിവിധ ജ്വല്ലറികൾ നടത്തിയ ക്യാമ്പയിനിലൂടെ ഡിന്നർ സെറ്റ് മുതൽ കാറുകൾ വരെയാണ് സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നത്.
Post Your Comments