രാജ്യത്ത് മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞിരിക്കുകയാണ്. ഈ നേട്ടം സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രാലയമാണ് ജൻധൻ അക്കൗണ്ടുകളുടെ റെക്കോർഡ് നേട്ടത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
മൊത്തം അക്കൗണ്ടുകളിൽ 56 ശതമാനം അക്കൗണ്ടുകളുടെ ഉടമകൾ സ്ത്രീകളാണ്. കൂടാതെ, 67 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അർദ്ധ നഗരങ്ങളിലാണ് തുറന്നിരിക്കുന്നത്. നിലവിൽ, ജൻധൻ അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 2.03 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. അക്കൗണ്ട് ഉടമകൾക്ക് ഇതിനോടകം 34 കോടി റുപേ കാർഡുകൾ സർക്കാർ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ജൻധൻ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല എന്നതാണ് പ്രത്യേകത. അതിനാൽ, വ്യക്തികൾക്ക് സീറോ ബാലൻസ് നിലനിർത്താൻ സാധിക്കും.
Also Read: എറണാകുളത്ത് ചിൽഡ്രൻസ് ഹോമിൽ 17കാരിയായ അന്തേവാസി മരിച്ച നിലയിൽ
ഒരു കുടുംബത്തിൽ ഏറ്റവും കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും നിർബന്ധമായി വേണമെന്ന ലക്ഷ്യത്തോടെ 2014-ലാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി ജൻധൻ യോജനയ്ക്ക് രൂപം നൽകിയത്. ഇന്ത്യയിൽ താമസിക്കുന്ന 10 വയസോ, അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു വ്യക്തിക്കും ജൻധൻ അക്കൗണ്ട് എടുക്കാവുന്നതാണ്. കുട്ടികൾക്ക് പ്രായപൂർത്തിയാകുന്നത് വരെ അക്കൗണ്ട് നിയന്ത്രിക്കാനുള്ള അനുമതി രക്ഷിതാക്കൾക്കാണ്. ജൻധൻ അക്കൗണ്ട് ഉടമകൾക്ക് സൗജന്യ ആക്സിഡന്റ് ഇൻഷുറൻസ് ലഭിക്കും.
Post Your Comments