ഓണം എന്നത് ആഘോഷം എന്നതിലുപരി അത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പലപ്പോഴും ഓണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പലര്‍ക്കും ഗൃഹാതുരത നിറഞ്ഞ് നില്‍ക്കുന്നു. ഓണാഘോഷത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒത്തു ചേര്‍ന്ന ഒരു ആഘോഷമാണ് ഓണം.
മലബാറുകാര്‍ ഓണമാഘോഷിക്കുന്നത് പോലെയല്ല തെക്കന്‍ ജില്ലകളില്‍ ഉള്ളവര്‍ ഓണമാഘോഷിക്കുന്നത്. അത്തം മുതല്‍ പത്ത് ദിനവും പൂവിടുന്നത് ഒഴിച്ചാല്‍ ഒരോ ദിനവും ഓരോ ദിവസവും വ്യത്യസ്ത തരം ആഘോഷങ്ങളാണ് ഉള്ളത്. ഓരോ സ്ഥലത്തും നിലനില്‍ക്കുന്ന ഓണ ആഘോഷങ്ങളും ഓണത്തിന്റെ പ്രത്യേകതകളും നമുക്ക് നോക്കാം.
മഹാലക്ഷ്മിക്ക് പൂക്കളം
പൂക്കളം പത്ത് ദിവസവും നമ്മള്‍ ഇടുന്നുണ്ട്. എന്നാല്‍, കണ്ണൂരിലെ പൂക്കളം അല്‍പം വ്യത്യസ്തമാണ്. ഇവര്‍ ഓണത്തിന് ശേഷം ചെയ്യുന്ന ഒരു ചടങ്ങാണ് മഹാലക്ഷ്മിയെ കുടിയിരുത്തല്‍ എന്നത്. അത്തം കഴിഞ്ഞാല്‍ ചേതി പൂക്കള്‍ കൊണ്ടാണ് പൂക്കളം തയ്യാറാക്കുന്നത്. ശീബോതിയമ്മയെ കുടിയിരുത്തുക എന്ന സങ്കല്‍പ്പത്തിലാണ് ഇവിടെ പൂക്കളം തയ്യാറാക്കുന്നത്. ഇതിലൂടെ വീട്ടില്‍ ഐശ്വര്യം നിറക്കും എന്നാണ് പറയുന്നത്.
ഓണവും മകവും
ചേതിപ്പൂവ് എന്ന് പറയുന്നത് ദേവിയുടെ കാല്‍വിരലുകളാണ് എന്നാണ് സങ്കല്‍പ്പം. ഈ ദിനത്തില്‍ ഈ ഇലകള്‍ കൊണ്ട് പൂക്കളിട്ടാല്‍ മഹാലക്ഷ്മി വീട്ടില്‍ ഐശ്വര്യം കൊണ്ട് വരും എന്നാണ് പറയുന്നത്. ഇത് കൂടാതെ ഈ വര്‍ഷം ആദ്യം കൊയ്ത നെല്ലും വീട്ടിലേക്ക് കയറ്റുന്നു. മകം നാളിലാണ് ഇത് ചെയ്യുന്നത്. ദേവിയുടെ പിറന്നാളയത് കൊണ്ട് തന്നെ മകം നക്ഷത്രത്തിലാണ് ഇത് ചെയ്യുന്നത്. കണ്ണൂരില്‍ വ്യത്യസ്തമായ ഓണാഘോഷം എന്നത് തന്നെയാണ് ഇതിലൂടെ പറയുന്നത്.
ചിങ്ങവെള്ളവും ഓണവും
ചിങ്ങവെള്ളത്തെക്കുറിച്ച് പലരും കേട്ടിട്ട് പോലും ഉണ്ടാവില്ല. കണ്ണൂരില്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു കാര്യം നിലവില്‍ ചെയ്ത് വരുന്നത്. ചിങ്ങം തുടങ്ങി അവിടെ നിന്ന് മുപ്പത് ദിവസം വരെ പൂവിടുന്നു. പൂവിട്ടതിന് സമീപത്തായി കിണ്ണറ്റില്‍ നിന്ന് വെള്ളം കോരി വക്കുന്നു. വൈകിട്ട് പൂക്കളം കളയുമ്പോള്‍ ആ വെള്ളവും അതുപോലെ തന്നെ കിണറ്റിലൊഴിക്കുന്നു. 30 ദിവസത്തോളം ഇത് തുടരുന്നു. ഈ ദിവസത്തില്‍ ഏതെങ്കിലും ഒരു ദിവസം കിണറ്റില്‍ ഒഴിക്കുന്ന വെള്ളത്തില്‍ അമൃതുണ്ടാവും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ചിങ്ങമാസത്തിലെ വെള്ളം അമൃത് വെള്ളമാണ് എന്ന് പറയുന്നത്.
ഓണേശ്വരന്‍ അഥവാ ഓണപ്പൊട്ടന്‍
വടക്കന്‍ ജില്ലകളിലാണ് ഓണേശ്വരന്‍ അഥവാ ഓണപ്പൊട്ടന്‍ എത്തുന്നത്. ഇന്നും പല സ്ഥലങ്ങളിലും ഓണപ്പൊട്ടനെ കാണാറുണ്ട്. എങ്കിലും മാഞ്ഞു പോവുന്ന കാഴ്ചകളില്‍ ഒന്നാണ് ഓണപ്പൊട്ടന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. വീടുകളില്‍ തിരുവോണത്തിനും ഉത്രാടത്തിനും ആണ് ഓണപ്പൊട്ടന്‍ വരുന്നത്. സംസാരിക്കാത്ത തെയ്യമായത് കൊണ്ടാണ് ഇത് ഓണപ്പൊട്ടന്‍ എന്ന് അറിയപ്പെടുന്നത്. ഓലക്കുടയും മണിയും കിലുക്കി വരുന്ന ഓണപ്പൊട്ടന്‍ നാട്ടിന്‍ പുറങ്ങളിലെ നന്മ നിറക്കുന്ന ഒരു കാഴ്ച തന്നെയാണ്.
തൃക്കാക്കരയപ്പന്‍
തൃക്കാക്കരയപ്പനെ വെക്കുന്നത് എന്തുകൊണ്ടും ആചാരങ്ങളുടെ ഭാഗമാണ്. എന്നാല്‍ പാലക്കാടന്‍ ഗ്രാമങ്ങളില്‍ മിഥുനമാസത്തില്‍ തന്നെ ഓണാഘോഷം തുടങ്ങുന്നുണ്ട്. ഓണത്തലേന്ന് ഓണം കൊള്ളുക എന്നത് ഇവരുടെ പ്രത്യേകതയാണ്. അരിമാവ് കൊണ്ട് കോലം വരച്ച് അതിന് മുകളില്‍ മണ്ണ് കൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ വെക്കുന്നു. ശേഷം പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച് തുമ്പക്കുടം പുഷ്പങ്ങള്‍ എന്നിവ കൊണ്ട് തൃക്കാക്കരയപ്പനെ അലങ്കരിക്കുന്നു. ഓണത്തപ്പനെ വരവേല്‍ക്കുന്നതിനും പ്രധാനപ്പെട്ട ചടങ്ങായാണ് കണക്കാക്കുന്നത്.
കാഴ്ചക്കുലകള്‍
ഓണാഘോഷത്തിന് സന്തോഷം കണ്ടെത്തുന്നതിന് വേണ്ടി കാഴ്ച്ചക്കുലകള്‍ കൈമാറുന്ന പതിവുണ്ടായിരുന്നു. തൃശ്ശൂരിലാണ് ഇത്തരം ചടങ്ങുകള്‍ നിലനില്‍ക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യത്തെ ഓണത്തിന് പെണ്‍വീട്ടുകാര്‍ ആണ്‍വീട്ടുകാര്‍ക്ക് കാഴ്ചക്കുലകള്‍ സമ്മാനിക്കുമായിരുന്നു.
Post Your Comments