തിരുവനന്തപുരം: മെച്ചപ്പെട്ട 5G സാങ്കേതിക വിദ്യയടക്കമുള്ളവ പൊതു സമൂഹത്തിനായി ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ വി വേണു. 5G സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ജീവിതം, പൊതു സേവനങ്ങൾ, സുരക്ഷിതത്വം എന്നിവ ഒരുക്കാൻ നൂതനമായ സാങ്കേതിക വിദ്യകൾക്ക് സാധിക്കും. വിശ്വാസ്യത, വേഗത, വിഭവശേഷിയുടെ മെച്ചപ്പെടുത്തൽ എന്നിവ 5G യിലൂടെ സാധ്യമാകുന്നു. ആരോഗ്യം, കൃഷി, വ്യവസായ ഉൽപ്പാദന മേഖലകൾ എന്നിവയിൽ സാങ്കേതിക വിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയണം. ഇതിനായി സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ നൽകണം. വിദ്യാഭ്യാസം, ആസ്വാദനം തുടങ്ങിയ മേഖലകളിൽ നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാൻ സ്റ്റാർട്ടപ്പുകൾ അടക്കമുള്ള കമ്പനികൾക്ക് ശിൽപ്പശാല സഹായിക്കുമെന്നും ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു.
സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരി, ഐടി, ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി യു രത്തൻ ഖേൽക്കർ എന്നിവർ സംസാരിച്ചു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ വി ശോഭന മുഖ്യ പ്രഭാഷണം നടത്തി. 2022-23 ലെ ബജറ്റിൽ 5G ആഗോള വിപ്ലവത്തിൽ കേരളത്തെ രാജ്യത്തെ മുൻനിര സംസ്ഥാനമായി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 5G ലീഡർഷിപ്പ് പാക്കേജ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സാധ്യതകൾ പരിശോധിക്കാൻ ഇലക്ട്രോണിക്സ് & ഐ ടി വകുപ്പ്, കേരള സംസ്ഥാന ഐ.ടി മിഷൻ (കെ.എസ്.ഐ.ടി.എം), കേരള എൽ.എസ്.എ (കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഫീൽഡ് യൂണിറ്റ്) എന്നിവയുടെ സഹകരണത്തോടെയാണ് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നത്.
5G നെറ്റ്‌വർക്കിന്റെ തുടർച്ചയായ വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെട്ട മൊബൈൽ ബ്രോഡ്ബാൻഡ് (ഇ.എം.ബി.ബി), അൾട്രാ റിലയബിൾ ലോ ലേറ്റൻസി കമ്മ്യൂണിക്കേഷൻസ് (യു.ആർ.എൽ.എൽ.സി), മാസീവ് മെഷീൻ ടൈപ്പ് കമ്മ്യൂണിക്കേഷൻസ് (എം.എം.ടി.സി) എന്നിങ്ങനെ നിരവധി പുതിയ സാധ്യതകൾ നിലനിൽക്കുന്നു. ടെലികോം മേഖലയിലെ മികച്ച പ്രകടന സൂചകങ്ങളുള്ള കേരളം രാജ്യത്തെ ഏറ്റവും ഉയർന്ന ടെലി സാന്ദ്രതയിൽ രണ്ടാം സ്ഥാനത്താണ്. 4G/5G നെറ്റ്‌വർക്കുകളിൽ പൈലറ്റ് ചെയ്യാനും വിന്യസിക്കാനും കഴിയുന്ന സാധ്യതയുള്ള മേഖലകളിൽ ചർച്ച നടക്കും. സർക്കാർ വകുപ്പുകൾ, സ്മാർട്ട് സിറ്റികൾ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ വിവിധ പങ്കാളികൾക്ക് ഈ സംരംഭം വളരെയധികം പ്രയോജനം ചെയ്യും. സംസ്ഥാന സർക്കാർ വകുപ്പുകൾ, ജില്ലകൾ, അക്കാദമിഷ്യൻമാർ, സർവ്വകലാശാലകൾ, സ്റ്റാർട്ടപ്പുകൾ, ടെലികോം സേവന ദാതാക്കൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു. ഇക്കോസിസ്റ്റം പങ്കാളികളുമായി സഹകരിച്ച് 5G ഡൊമെയ്നിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ കേരളത്തെ പ്രാപ്തരാക്കുന്ന പരിഹാരങ്ങൾ ശിൽപ്പശാലയിൽ വികസിപ്പിക്കും.
Read Also: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: ഒളിവിലായിരുന്ന പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍
Post Your Comments