കണ്ണൂര്‍: ‘മിത്ത്’ വിവാദത്തില്‍ സിപിഎം ഒന്നും തിരുത്തിയിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും വ്യക്തമാക്കി പി ജയരാജന്‍. ജി സുകുമാരന്‍ നായരുടെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ, അതിന് താഴെ മൂക്കിലെ കണ്ണട ശാസ്ത്രത്തിന്റെ ഭാഗമെന്നും പി ജയരാജന്‍ പറഞ്ഞു.
നേരത്തെ, ‘മിത്ത്’ വിവാദത്തില്‍ സിപിഎം തിരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ പറഞ്ഞത് വളരെ വ്യക്തമാണെന്നും മതവിശ്വാസത്തിനെതിരായി സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും റിയാസ് പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദൻ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ബോധപൂര്‍വം സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്നും റിയാസ് വ്യക്തമാക്കി.
സ്പീക്കര്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ്. സ്പീക്കറുടെപേര് നാഥൂറാം ഗോഡ്സെ എന്നായിരുന്നെങ്കില്‍ കെ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു എന്നും റിയാസ് പറഞ്ഞു. ലോകസ്ഭാ തെരഞ്ഞടുപ്പിന് ഇത് നല്ലൊരു അവസരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ കാര്യം ഇതിനകം പുറത്തുവന്നിട്ടുണ്ട്. വളരെ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. കേരളത്തില്‍ സാമുദായിക മതധ്രൂവീകരണമാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നതെന്നും റിയാസ് കൂട്ടിച്ചേർത്തു.
Post Your Comments