തിരുവനന്തപുരം: ഇടതുമുന്നണി കൺവീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ പി ജയരാജനെതിരെ സംസ്ഥാന സമിതിയിൽ പി ജയരാജൻ. ഇപിക്കെതിരായ റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തെന്നായിരുന്നു സംസ്ഥാന സമിതിയിൽ പി ജയരാജൻ്റെ ചോദ്യം. നിലവിൽ പരാതി ഇപ്പോള്‍ പരിഗണിച്ചിട്ടില്ലെന്നാണ് എം വി ഗോവിന്ദന്‍ മറുപടി നല്‍കിയത്.
ഇപിക്കെതിരായ നടപടിയിൽ തുടര്‍ നടപടികൾക്കുള്ള എല്ലാ പഴുതുമിട്ടാണ് നേതൃത്വത്തിന്‍റെ നിൽപ്പ്. അതേസമയം, സിപിഎം കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം മൗനം തുടരുകയാണ് ഇപി ജയരാജൻ. ജയരാജൻ്റെ അടുത്ത നീക്കം എന്താണ് എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതേസമയം, 2022 ലായിരുന്നു വൈദേഹം ആയുവര്‍വേദ റിസോര്‍ട്ടിന്‍റെ മറവിൽ ഇപിക്ക് വഴിവിട്ട ഇടപെടലുകളുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനവും അടക്കം ഗുരുതര ആക്ഷേപങ്ങൾ പി ജയരാജൻ പാര്‍ട്ടിക്ക് മുന്നിലെത്തിച്ചത്.
സംസ്ഥാന സമിതിയിലുന്നയിച്ച ആക്ഷേപം എഴുതി നൽകാനായിരുന്നു നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇടതുമുന്നണി കൺവീനര്‍ സ്ഥാനത്ത് നിന്ന് ഇപിയെ നീക്കിയ കാര്യം സംസ്ഥാന സമിയിൽ എം വി ഗോവിന്ദൻ അറിയിച്ചതിന് പിന്നാലെയാണ് പരാതിയിൽ എന്ത് നടപടി എടുത്തെന്ന പി ജയരാജന്‍റെ ചോദ്യം. അതിപ്പോൾ പരിഗണിച്ചിട്ടില്ലെന്നായിരുന്നു എം വി ഗോവിന്ദൻ നല്‍കിയ മറുപടി. മാത്രമല്ല ഇപിയെ പുറത്താക്കിയതിന് കാരണം ചോദിച്ച സംസ്ഥാന സമിതി അംഗങ്ങൾക്കും കൃത്യമായ ഉത്തരം കിട്ടിയില്ലെന്നാണ് വിവരം.
ജാവ്ദേക്കര്‍ കൂടിക്കാഴ്ച അടക്കം പരിഗണിച്ചെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞൊഴിയുകയായിരുന്നു എംവി ഗോവിന്ദൻ. പിബി തീരുമാനം എന്ന നിലയിൽ എംവി ഗോവിന്ദൻ പറയും വരെ പാര്‍ട്ടി നടപടി വരുന്ന കാര്യം ഇപിയും അറിഞ്ഞിരുന്നില്ല. കാര്യങ്ങളെല്ലാം മുൻപ് വിശദീകരിച്ച് കഴിഞ്ഞതാണല്ലോ എന്ന് ക്ഷോഭിച്ച ഇപിയെ അനുനയിപ്പിക്കാൻ പോലും ആരും ശ്രമിച്ചതുമില്ല. അതുവരെ മൗനം പാലിച്ച മുഖ്യമന്ത്രി യോഗത്തിൽ നിന്ന് ഇറങ്ങിയ ഇപിയോട് കാണാം സംസാരിക്കാം എന്ന് മാത്രമാണ് പറഞ്ഞത്.
Post Your Comments