പുനലൂര്‍ ● കൊല്ലം പുനലൂര്‍ നരിക്കലില്‍ സഹോദരന്‍ സഹോദരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. വട്ടമണ്‍ കട്ടവിളപുത്തന്‍വീട്ടില്‍ മേഴ്സി തോമസ് (45) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സഹോദരന്‍ തോമസ് ഡാനിയേല്‍ ആണ് ഇവരെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവിവാഹിതരായ മേഴ്സിയും ഡാനിയേലും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ വാക്കുതര്‍ക്കത്തിനിടയില്‍ മേഴ്സിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സഹോദരിയെ കൊന്നശേഷം തോമസ് തൊട്ടടുത്തുള്ള കുടുംബ വീട്ടിലെത്തി പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. തീയാളിപടര്‍ന്നപ്പോള്‍ ഇയാള്‍ നിലവിളിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തി തീകെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തോമസ് തീകൊളുത്തിയ വിവരം സഹോദരിയെ അറിയിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പുനലൂര്‍ പോലീസെത്തി മേല്‍നടപടി സ്വീകരിച്ചു. മേഴ്സിക്ക് മാനസിക അസാസ്ഥ്യമുള്ളതായി പരിസരവാസികള്‍ പറയുന്നു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments