താനെ : അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലായ യുവാവിന്റെ വിവാഹം ആശുപത്രി ഐ.സി.യുവില്‍ നടത്തി. താനെ ഘോഡ്ബന്ദര്‍ റോഡ് സ്വദേശി പ്രദീപ് താരാവിയും വസായ് നിവാസിയായ ശാരദാ ഖംഡോജെയും തമ്മിലുള്ള വിവാഹമാണ് ഐ.സി.യുവില്‍ നടന്നത്.
മുഹൂര്‍ത്തത്തിന് വിവാഹവേദിയില്‍ കൊണ്ടു പോയി ചടങ്ങിനു ശേഷം തിരികെ ആശുപത്രിയില്‍ എത്തിക്കാമെന്നു ബന്ധുക്കള്‍ പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ വിവാഹം നടത്താന്‍ അനുമതി തേടി. എന്നാല്‍ ചടങ്ങുകള്‍ പത്തു മിനിട്ടില്‍ കൂടരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ അനുമതി നല്‍കുകയായിരുന്നു.
ഏപ്രില്‍ 27 ന് വിവാഹം നിശ്ചയിച്ചിരുന്ന പ്രദീപ് 23 ന് രാത്രി ജോലി സ്ഥലത്തു നിന്നു മടങ്ങുമ്പോഴാണ് ടോള്‍ നാക്കയ്ക്കു സമീപം കാറുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. തലയ്ക്കു സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ബോധരഹിതനായ നിലയില്‍ സിറ്റിസണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ദിവസത്തെ ചികിത്സയ്ക്ക് ശേഷം പ്രദീപിന് എഴുന്നേറ്റിരിക്കാമെന്ന സ്ഥിതിയിലാണിപ്പോള്‍.
Post Your Comments