ഫ്ളോറിഡ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രകള്‍ റദ്ദാക്കി അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഗേറ്റ്. വ്യാഴാഴ്ചയാണ് ഓഷ്യന്‍ ഗേറ്റ് ഇക്കാര്യം വിശദമാക്കിയത്. ടൈറ്റാനിക് കാണാനായുള്ള സാഹസിയ വിനോദയാത്രകള്‍ അവസാനിപ്പിക്കുന്നതായാണ് ഓഷ്യന്‍ഗേറ്റ് വിശദമാക്കുന്നത്.
Read Also: ഏക സിവിൽ കോഡ്: യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച് മുന്നോട്ടു പോകുമെന്ന് എം വി ഗോവിന്ദൻ
വെബ്സൈറ്റിലെ ചെറിയ കുറിപ്പല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും തല്‍ക്കാലത്തേക്ക് ഓഷ്യന്‍ ഗേറ്റ് നല്‍കിയിട്ടില്ല. വൈബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ജൂണ്‍ മാസത്തേക്കായി രണ്ട് സാഹസിക വിനോദയാത്രകള്‍ക്കായിരുന്നു ഓഷ്യന്‍ ഗേറ്റ് തയ്യാറെടുപ്പ് നടത്തിയിരുന്നത്. ടൈറ്റന് പേടകം തകരാനുണ്ടാ കാരണത്തേക്കുറിച്ച് അമേരിക്കയുടേയും കാനഡയിലേയും വിവിധ വകുപ്പുകളുടെ അന്വേഷണം തുടരുന്നതിനിടയിലാണ് ഓഷ്യന്‍ഗേറ്റിന്റെ പ്രഖ്യാപനം. ടൈറ്റാനികിന്റെ അവശിഷ്ടം കാണാന്‍ പോയ സമുദ്ര പേടകം ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കരക്കെത്തിച്ചിരുന്നു.
അഞ്ച് പേരുമായി അറ്റലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയ പേടകം ഉള്‍വലിഞ്ഞ് തകരാന്‍ ഇടയായ സാഹചര്യം കണ്ടെത്താന്‍ നിര്‍ണായകമാണ് ഈ അവശിഷ്ടങ്ങള്‍. പേടകത്തിന്റെ അവശിഷ്ടങ്ങളില്‍ നടത്തുന്ന പരിശോധന അപകടത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകമുള്ളത്. ജൂണ്‍ 18ന് മാതൃപേടകവുമായി ബന്ധം നഷ്ടമായ ടൈറ്റന്റെ അവശിഷ്ടങ്ങള്‍ നാല് ദിവസത്തിന് ശേഷമാണ് കണ്ടെത്താനായത്.
ടൈറ്റന് സമുദ്ര പേടകം അപകടത്തില്‍ പെട്ട് സഞ്ചാരികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനി സിഇഒയും മരിച്ചതായി ഓഷ്യന്‍ ഗേറ്റ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്ഥാനി അതിസമ്പന്ന വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന് സുലൈമാന്‍, ഈ കടല്‍യാത്ര നടത്തുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റന്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന് പോല്‍ ഹെന്റി എന്നിവരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.
Post Your Comments