നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് വ്യാജമായി കേന്ദ്രസർക്കാറിന്റെ ആദായനികുതി, റെയിൽവേ വകുപ്പുകളിൽ ജോലി നൽകിയ ശേഷം 57 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുതുക്കട മാരായപുരം സ്വദേശി ജയൻ പ്രഭുവിനെ(39)യാണ് അറസ്റ്റ് ചെയ്തത്.
വ്യാജ ജോലി ലഭിച്ച തിക്കണംകോട് സ്വദേശി എബിറേം, ചെല്ലദുരൈ, അരുൺ കുമാർ എന്നിവർ കന്യാകുമാരി എസ്.പി ഹരി കിരൺ പ്രസാദിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Read Also : വ്യാജ ഇൻഷുറൻസ് പോളിസിയുടെ മറവിൽ തട്ടിയെടുത്തത് 46,000 രൂപ! പ്രതി പിടിയിൽ
ജയൻപ്രഭുവുമായി യാദൃച്ഛികമായി പരിചയത്തിലായ കടയാലുംമൂട് ചിറ്റാറ്റിൻകര സ്വദേശി റസൽരാജിനോട് തനിക്ക് കേന്ദ്ര സർക്കാറിലും രാഷ്ട്രീയ നേതൃത്വത്തിലും പരിചയക്കാറുണ്ടെന്നും ആവശ്യമുള്ളവർക്ക് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാങ്ങി നൽകാമെന്നും വാഗ്ദാനം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റസൽരാജ് പലരെയും ജയൻ പ്രഭുവിന് പരിചയപ്പെടുത്തി. ഇവരിൽ നിന്നാണ് 56,97,600 രൂപ പിരിച്ചെടുത്തത്. മൂന്നു പേർക്ക് ജോലി നൽകിയ ശേഷം കാൺപുർ, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ച് വ്യാജ ഓഫീസുകളിൽ ജോലിയിൽ പ്രവേശിപ്പിക്കുകയും രണ്ടു മാസം ശമ്പളം നൽകുകയും ചെയ്തു. തുടർന്ന്, മൂന്നുപേരും ജോലി ശരിക്ക് ചെയ്തില്ലെന്നു കാണിച്ച് പുറത്താക്കുകയായിരുന്നു. ഇതിൽ ദുരൂഹത തോന്നിയതോടെ ഇവർ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്.
കുറ്റകൃത്യത്തിൽ പങ്കുള്ള മറ്റുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments