Life Style

എന്താണ് സ്‌കിസോഫ്രീനിയ? ലക്ഷണങ്ങള്‍ അറിയാം

വളരെ ഗൗരവമുള്ളൊരു മാനസികാരോഗ്യപ്രശ്‌നമാണ് സ്‌കിസോഫ്രീനിയ. നൂറ് പേരില്‍ ഒരാള്‍ക്ക് എന്ന തോതിലെങ്കിലും ലോകത്ത് സ്‌കിസോഫ്രീനിയ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതുതന്നെ പുരുഷന്മാരില്‍ സ്ത്രീകളെ അപേക്ഷിച്ച് ഇരട്ടി സാധ്യതയാണത്രേ. ഈ രോഗം പാരമ്പര്യമായി പിടിപെടാം. എന്നാല്‍ എല്ലാ കേസുകളിലും അങ്ങനെ ആകണമെന്നില്ല.

എന്താണ് സ്‌കിസോഫ്രീനിയ?

ഗ്രീക്കില്‍ നിന്നാണ് സ്‌കിസോഫ്രീനിയ എന്ന വാക്ക് വന്നിട്ടുള്ളത്. ‘മനസിനെ വിഘടിക്കുന്ന’ എന്നൊക്കെയാണ് ഇതിന് അര്‍ത്ഥം വരുന്നത്. നമ്മുടെ ചിന്തകളും പ്രായോഗികതലവും (നിത്യജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍) തമ്മിലുള്ള വ്യത്യാസം- അല്ലെങ്കില്‍ ദൂരത്തെയാണ് പ്രധാനമായും ഇത് സൂചിപ്പിക്കുന്നത്. അതായത് സ്‌കിസോഫ്രീനിക് ആയ വ്യക്തിക്ക് യഥാര്‍ത്ഥ ലോകത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു സാങ്കല്‍പിക ലോകമുണ്ടായിരിക്കും. അധികവും ഈ സാങ്കല്‍പിക ലോകത്ത് തന്നെയായിരിക്കും വ്യക്തി ജീവിക്കുന്നത്. ഇത് അമിതമായി അവനവനിലേക്ക് തന്നെ ഒതുങ്ങിപ്പോകുന്നതിന് കാരണമാകും.

രോഗലക്ഷണങ്ങള്‍…

സ്വയം സംസാരിക്കുന്നത്, അല്ലെങ്കില്‍ സാങ്കല്‍പികമായി ഉണ്ടാക്കിയ കഥാപാത്രവുമായി സംസാരിക്കുന്നത്- ഇടപെടുന്നത് എല്ലാം സ്‌കീസോഫ്രീനിയയുടെ ഒരു പ്രധാന ലക്ഷണമാണ്. ‘ഹാലൂസിനേഷന്‍’, ‘ഡെലൂഷന്‍’ എന്നൊക്കെയാണ് ഈ അവസ്ഥകളെ വിശേഷിപ്പിക്കുക. ഇല്ലാത്തത് കാണുക, കേള്‍ക്കുക എല്ലാം ഇതിലുള്‍പ്പെടുന്നു.

ഇവയ്ക്ക് പുറമെ എല്ലായ്‌പോഴും സംശയം, മറ്റുള്ളവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന തോന്നല്‍, വൈകാരികാവസ്ഥകളെ നിയന്ത്രിക്കാന്‍ സാധിക്കാതിരിക്കല്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍, എപ്പോഴും വ്യത്യസ്തമായ ഒരുപാട് ചിന്തകള്‍, സ്വയം നല്ലതുപോലെ നോക്കാത്ത- ശ്രദ്ധിക്കാത്ത അവസ്ഥ, ഉള്‍വലിയല്‍, ഓര്‍മ്മക്കുറവ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും സ്‌കിസോഫ്രീനിയയില്‍ കാണാം.

സ്‌കിസോഫ്രീനിയ രോഗികള്‍ അക്രമകാരികളും എപ്പോള്‍ വേണമെങ്കിലും ‘വയലന്റ് ‘ ആകാവുന്നവരുമാണെന്ന് പൊതുവെ ധാരണയുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. തങ്ങളെ പ്രകോപിപ്പിക്കുന്ന എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ ഇവര്‍ ‘വയലന്റ്’ ആവുകയുള്ളൂ. അപ്പോള്‍ പോലും മറ്റുള്ളവരെ ഉപദ്രവിക്കണമെന്നോ അപകടപ്പെടുത്തണമെന്നോ ഇല്ല.

 

 

 

shortlink

Post Your Comments


Back to top button