നന്ദിഹള്ളി: കടുത്ത വരള്‍ച്ച മൂലം കുടിവെള്ളം പോലും ലഭിക്കാനില്ലെന്ന അവസ്ഥയിലാണ് നന്ദിഹള്ളി ഗ്രാമവാസികള്‍. കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിന് ചെലവ് കൂടുതലായതിനാല്‍ കുടിവെള്ളം ലഭിക്കുക പോലും ഗ്രാമവാസികള്‍ക്ക് വളരെ പ്രയാസകരമായി മാറിയിരിക്കുന്നു. അതിനാല്‍ ആഡംബരം കുറയ്ക്കുന്നതിന്റെ ഭാഗമായി കുളി ഒഴിവാക്കിയിരിക്കുകയാണ് ഇവര്‍. പല ഗ്രാമവാസികളും പ്രത്യേകിച്ചും പാവപ്പെട്ടവര്‍ വെള്ളം ഇല്ലാത്തതിനാല്‍ ടാല്‍ക്കം പൗഡറുകള്‍ ഉപയോഗിച്ചാണ് ശരീരത്തിലെ ദുര്‍ഗന്ധം അകറ്റുന്നത്. എല്ലാ ദിവസവും വെള്ളം ലഭിക്കില്ല എന്നതാണ് ഇതിന് പ്രധാനകാരണം. വെള്ളത്തിനേക്കാള്‍ വിലക്കുറവാണ് പൗഡര്‍ ടിന്നുകള്‍ക്ക് എന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് ഗ്രാമവാസികള്‍ പറയുന്നു. എന്നിരുന്നാലും ദിവസങ്ങളോളം കുളിക്കാതിരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണെന്ന് നന്ദിഹള്ളിയിലെ ഗ്രാമവാസികള്‍ പറയുന്നു.
ദിവസവും അഞ്ഞൂറുമുതല്‍ ആയിരം രുപവരെയാണ് വെള്ളത്തിനായി ഇവര്‍ക്ക് ചെലവാക്കേണ്ടി വരുന്നത്. എന്നാല്‍ എല്ലാവര്ക്കും ഇത്രത്തോളം തുക കൊടുത്ത് വെള്ളം വാങ്ങുന്നതിന് സാധിക്കില്ലെന്നതും പ്രധാന പ്രശ്നമാണ്.വരള്‍ച്ച തുടങ്ങിയതോടെ ഗ്രാമത്തിലെ 250 ഓളം വീടുകളില്‍ വെള്ളം കിട്ടാറില്ല. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. രണ്ടു കുടം വെള്ളമെങ്കിലും ലഭിക്കണമെങ്കില്‍ അര്‍ദ്ധരാത്രിയില്‍ മൂന്ന് കിലോമീറ്ററോളം നടക്കേണ്ട അവസ്ഥയിലാണ് ഇവര്‍.
Post Your Comments