അങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാനാകുമെന്നു ബന്ധുക്കള്‍. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാകുന്നത്. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ചിക്കുവിന്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. മൃതദേഹം വിട്ടുകിട്ടുന്നതിനും തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഇന്നസെന്റ് എംപി വഴിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.
വെള്ളിയാഴ്ചകളില്‍ മാത്രമാണ് സലാലയില്‍ നിന്നും നേരിട്ട് നെടുമ്പാശേരിയിലേക്ക് സര്‍വീസ് ഉള്ളൂ. ഷാര്‍ജയോ, മസ്ക്കറ്റോ വഴിയുള്ള വിമാനത്തില്‍ കൊണ്ടുവരാനായാല്‍ ചൊവ്വാഴ്ച തന്നെ മൃതദേഹം ചിക്കുവിന്റെ ജന്മനാടായ കറുകുറ്റിയില്‍ എത്തിക്കാനാകുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്സന് തോമസിന്റെ ഭാര്യ ചിക്കു(27)നെ താമസസ്ഥലത്ത് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് നിഗമനം. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലിന്സന് അടക്കം ഒന്‍പതു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. മൃതദേഹം ആദ്യം കണ്ടയാള്‍ എന്ന നിലയില്‍ ഒന്നാം സാക്ഷിയായി കാര്യങ്ങള്‍ ചോദിച്ചറിയാനാണ് ലിന്‍സനെയും കസ്റ്റഡിയിലെടുത്തത്.
കൊലപാതകം നടത്തിയത് പാകിസ്താന് സ്വദേശിയാണെന്ന് തിരിച്ചറിഞെന്നാണ് സൂചന. ഇയാള്‍ക്ക് കുടുംബവുമായി അടുപ്പമുണ്ടായിരുന്നോ മറ്റ് പരിചയമുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഭര്‍ത്താവ് ലിന്‍സനില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞത്. ലിന്‍സനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം പൊലീസ് വിട്ടയച്ചു. ചിക്കുവിന്റെ മരണത്തിനു ശേഷം മാനസികമായും ശാരീരികമായും തളര്‍ന്നു പോയതിനാലാണ് ലിന്‍സനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും വിട്ടയക്കാനും വൈകിയത്.
Post Your Comments