തിരുവനന്തപുരം: പാലക്കാട് മദ്യരാജാവ് വിജയ് മല്യയ്ക്ക് ഭൂമി നല്കിയ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാല്പത്തഞ്ചു വര്‍ഷം മുമ്പ് ആരംഭിക്കുകയും വിവിധ സര്‍ക്കാരുക ളുടെയും വിവിധ വകുപ്പുകളുടെയും നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയും ചെയ്തശേഷം വിജയ് മല്യയുടെ കമ്പനിക്ക് 2013ല്‍ പാലക്കാട് ജില്ലാ കളക്ടര്‍ അനുവദിച്ച ഭൂമിയുടെ പേരില്‍ ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെ ബലിയാടാക്കുന്നത് അത്യന്തം ഖേദകരമാണെന്നു ഉമ്മന്‍ ചാണ്ടി പത്രക്കുറിപ്പില്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് നടത്തിയ ഭൂമിദാനമാണ് ഇതെന്നുവരെയാണ് വ്യാഖ്യനിക്കുന്നത്. ഇത് അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അച്യുതമേനോന് മന്ത്രിസഭയിലെ എന്‍.ഇ. ബലറാം വ്യവസായമന്ത്രി ആയിരുന്നപ്പോള്‍ 1971 ജനുവരി 13ന് ടെലക്സ് സന്ദേശം മുഖേന പതിച്ചുനല്കാന് ഉത്തരവ് നല്‍കിയതോടെയാണ് ഈ ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതേതുടര്‍ന്ന് പ്രീമിയര്‍ ബ്രൂവറീസ് ലിമിറ്റഡ് കഞ്ചിക്കോട് എന്ന സ്ഥാപനത്തിന് ബ്രൂവറി പ്രോജക്റ്റിന് അന്നത്തെ ജില്ലാകളക്ടര്‍ 1971 മാര്‍ച്ച് 17ന് 20 ഏക്കര്‍ ഭൂമി പാട്ടത്തിനു നല്‍കുകയാണ് ചെയ്തത്. ഇതിന് 1985 മേയ് 21നു പാലക്കാട് തഹസീല്‍ദാര്‍ താത്കാലിക പട്ടയവും നല്കി.
1995ല്‍ കേരള ഹൈക്കോടതി വിധി പ്രകാരം പ്രീമിയര്‍ ബ്രൂവറീസ് ലിമിറ്റഡ് ഇപ്പോഴത്തെ കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡില്‍ ലയിച്ചു. തുടര്‍ന്ന് അവരുടെ ആവശ്യപ്രകാരം അന്തിമപട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ 2002 ജൂലൈയില്‍ പാലക്കാട് ജില്ലാ കളക്ടര്‍ ആരംഭിച്ചു. 2003ല്‍ ഭൂമി വില സെന്റൊന്നിന് 20,000 രൂപ നിരക്കില്‍ തിട്ടപ്പെടുത്താമെന്ന് റവന്യൂ വകുപ്പിനെ കളക്ടര്‍ അറിയിച്ചു.
തുടര്‍ന്ന് ധനകാര്യം, നിയമം വകുപ്പുകളുടെ അംഗീകാരത്തോടെയും മന്ത്രിസഭായോഗ തീരുമാനത്തിന് വിധേയമായും സെന്റ് ഒന്നിന് 20,000 രൂപ നിരക്കില്‍ 6 ശതമാനം പലിശ ഈടാക്കി യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിന് ഭൂമി പതിച്ചു നല്കുവാന് 2005 ഏപ്രില്‍ രണ്ടിന് ഉത്തരവായി. എന്നാല്‍ അധികതുക ഈടാക്കുന്നു എന്നാരോപിച്ച് യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ഹൈക്കോടതിയില്‍ പരാതി നല്കി. കേസ് നിലനില്‍ക്കേ 2012 ഡിസംബറില്‍ തുക അടയ്ക്കാന്‍ യുണൈറ്റഡ് ബ്രൂവറീസ് തയ്യാറായി. ഭൂമി കൈമാറിയ തീയതിയായ 1971 മാര്‍ച്ച് 17 കണക്കാക്കി 14.03 കോടി രൂപ അടയ്ക്കുകയും ചെയ്തു. ഇതനുസരിച്ച് സെന്റ് ഒന്നിന് പലിശ സഹിതം 70,163 രൂപയാണ് കമ്പനി സര്‍ക്കാരിന് അടച്ചത്. തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ തയാറാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുണൈറ്റഡ് ബ്രൂവറീസിന് ഭൂമി പതിച്ചു നല്കാന് ജില്ലാ കളക്ടര്‍ 2013 ഏപ്രില്‍ 18ന് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഏപ്രില്‍ 19ന് പാലക്കാട് തഹസീല്‍ദാര്‍ ഭൂമി പതിച്ചു നല്കി.
45 വര്‍ഷം മുന്‍പ് എന്‍.ഇ. ബല്‍റാമിന്റെ കാലത്ത് ആരംഭിച്ച ഭൂമി ഇടപാടിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇത് ചെയ്തത്. സത്യം ഇതായിരിക്കെ കാലഗണന തെറ്റിച്ച് സംഭവങ്ങള്‍ അവതരിപ്പിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം വിവാദമാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments