Kerala

ശബരിമല: സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം

ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസ്‌ വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ലെന്നു സുപ്രീം കോടതി. വിശ്വാസത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന 1995 ലെ ഹൈക്കോടതി വിധി കേസിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന്‌ വ്യക്‌തമാക്കിയ കോടതി പൗരന്റെ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുകയാണു ഭരണഘടനയുടെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ സ്‌ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട്‌ അമിക്കസ്‌ ക്യൂറി രാജു രാമചന്ദ്രന്റെ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ആര്‍ത്തവത്തിന്റെ പേരില്‍ പ്രവേശനം നിഷേധിക്കുന്നതു സ്‌ത്രീകളുടെ അഭിമാനത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന്‌ അമിക്കസ്‌ ക്യൂറി വാദിച്ചു. സ്‌ത്രീകള്‍ സന്നിധാനത്ത്‌ പ്രവേശിക്കുന്നത്‌ സംബന്ധിച്ച 1995 ലെ കേരള ഹൈക്കോടതി വിധി നിലനില്‍ക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.

ഇതേത്തുടര്‍ന്നാണ്‌ 1995 ലെ വിധി കേസിനെ ബാധിക്കില്ലെന്ന്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ അറിയിച്ചത്‌. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല. വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ല ഇതെന്നും മറിച്ച്‌ ഭരണഘടന ഉറപ്പുനല്‍കുന്ന 32-ാം അനുച്‌ഛേദ പ്രകാരമുള്ള മൗലികാവകാശങ്ങള്‍ ഏതെങ്കിലും രീതിയില്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നാണ്‌ കോടതി പരിശോധിക്കുന്നതെന്നും ബെഞ്ച്‌ വ്യക്‌തമാക്കി. വാദം തിങ്കളാഴ്‌ചയും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button