Kerala

വെടിക്കെട്ട് ദുരന്തം : വിദഗ്ധരുടേയും സാന്നിധ്യത്തിലുള്ള ഉന്നതതലയോഗ തീരുമാനം

തിരുവനന്തപുരം: കൊല്ലം വെടിക്കെട്ടപകടത്തില്‍പ്പെട്ട 126 പേരെ ഇതുവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ പരിക്കുള്ളവരും പുറത്ത് ചികിത്സ ആവശ്യമുള്ളവരും നഗരത്തിലെ വിവിധ ആശുപത്രികളിലായി പോയി. ഇതനുസരിച്ച് കിംസില്‍ 29 പേരെ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 23 പേര്‍ അവിടെയുണ്ട്. അനന്തപുരി ആശുപത്രിയില്‍ 5 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ 8 പേര്‍ ചികിത്സയിലാണ്. എസ്.യു.റ്റി. ആശുപത്രിയില്‍ ഇപ്പോള്‍ ഒരാള്‍ ചികിത്സയിലുണ്ട്.

11 പേര്‍ മരണശേഷമാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. രണ്ട് പേര്‍ സര്‍ജിക്കല്‍ ഐ.സി.യു.വില്‍ വച്ചും മരണമടഞ്ഞു. 13 ല്‍ 9 പേരെ തിരിച്ചറിഞ്ഞു. എട്ട് പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഇതിനാവശ്യമായ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

നിലവില്‍ 46 പേര്‍ വാര്‍ഡിലും 4 പേര്‍ ഓപ്പറേഷന്‍ തീയറ്ററിലും ഉള്‍പ്പെടെ 50 പേരാണ് മെഡിക്കല്‍ കോളേജിസല്‍ ഉള്ളത്. ഇതില്‍ ബേണ്‍സ് ഐ.സി.യു.വില്‍ ഉള്ള 8 പേരില്‍ 7 പേരുടേയും നില അതീവ ഗുരുതരമായി തുടരുന്നു. ഇതില്‍ ലൈസന്‍സി എന്ന് സംശയിക്കുന്ന സുരേന്ദ്രന് 90 ശതമാനം പൊള്ളലേറ്റ് ഡയാലിസിസിന് വിധേയമാക്കി.

ഈ രോഗികളുടെ ആരോഗ്യ നിലയെപ്പറ്റി സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ഡി.എം.ഇ. ഡോ. റംലാ ബീവി എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഡോക്ടര്‍മാരുടേയും എയിംസിലെ വിദഗ്ധരുടേയും സാന്നിധ്യത്തില്‍ രാത്രി 7.30 ന് അവലോകന യോഗം നടന്നു. ഇവിടെ നിന്നും ഏതെങ്കിലും ഗുരുതര രോഗികളെ എയിംസിലേക്കോ ബേണ്‍സ് ഐസിയു ഉള്ള മറ്റ് ആശുപത്രികളിലേക്കോ മാറ്റണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് യോഗം നടന്നത്. ഇവരെ മാറ്റുന്നതിനായി എയര്‍ ഫോഴ്‌സിന്റേയും കോസ്റ്റ് ഗാര്‍ഡിന്റേയും ഹെലികോപ്റ്ററുകള്‍ തയ്യാറാക്കിയിരുന്നു.

എന്നാല്‍ എല്ലാ രോഗികള്‍ക്കും 60 ശതമാനത്തിലധികം പൊള്ളലേറ്റതിനാലും ഇവരുടെ നില അതീവ ഗുരുതരമായ അവസ്ഥ നിലനില്‍ക്കുന്നതിനാലും കൊച്ചിയിലേക്കോ ഡല്‍ഹിയിലേക്കോ ഇവരെ മാറ്റേണ്ട എന്ന് വിദഗ്ധരുടെ സംയുക്ത യോഗം തീരുമാനിച്ചു. പകരം താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

1.8 പേരുടെ തീവ്ര പരിചരണത്തിനായി പ്ലാസ്റ്റിക് സര്‍ജറി മേധാവി ഡോ. കോമള റാണിയുടെ നേതൃത്വത്തില്‍ ഒരു ഉന്നതതല സംഘത്തെ നിയമിക്കാന്‍ തീരുമാനിച്ചു.

2.ഡി.എം.ഇ.യുടെ നേതൃത്വത്തില്‍ എയിംസിലേയും മറ്റ് കേന്ദ്ര ആശുപത്രികളിലേയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ ഒരു നിരീക്ഷണ കമ്മിറ്റി ഓരോ രണ്ടുമണിക്കൂര്‍ ഇടവിട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തീരുമാനിച്ചു.

3.കൂടുതല്‍ അനസ്തീഷ്യ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും നിയമിക്കാന്‍ തീരുമാനിച്ചു.

ഈ യോഗത്തില്‍ എയിംസിലെ ഡോ. മാത്തൂറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍, ആര്‍.എം.എല്‍. ആശുപത്രിയിലെ ഡോ. മനോജ് ജാ, മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ജിജി തോംസണ്‍, ജോ. ഡി.എം.ഇ. ഡോ. ശ്രീകുമാരി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍ദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീനാഥ്, എസ്.എസ്.ബി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രമേശ് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാളെ രാവിലെ സ്ഥിതിഗതികള്‍ ഒരിക്കല്‍ക്കൂടി വിലയിരുത്തിയ ശേഷം മറ്റ് ആശുപത്രികളിലേക്ക് മാറ്റണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button