തിരുവനന്തപുരം : രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്നത് കോണ്‍ഗ്രസിന്റേയും കമ്മ്യൂണിസ്റ്റിന്റേയും വ്യാജപ്രചാരണമെന്ന് ബി.ജെ.പി കേന്ദ്രവക്താവും രാജ്യസഭാംഗവുമായ എം.ജെ.അക്ബര്‍.
ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയയാണ് ആദ്യം അസഹിഷ്ണുതാ വിവാദം ഉണ്ടായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിവാദം പെട്ടെന്ന് അപ്രത്യക്ഷമായി. പുരസ്കാരങ്ങള്‍ തിരിച്ചുനല്കല് അവസാനിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഇത്തരം വിവാദങ്ങള്‍ വീണ്ടും കൃത്രിമമായി സൃഷ്ടിക്കുന്നത് അസം,കേരളം,ബംഗാള്‍ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ്. ‘ അസഹിഷ്ണുതയും മാധ്യമങ്ങളും ‘ എന്ന വിഷയത്തില്‍ ബി.ജെ.പി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് മാതാ കി ജയ് വിളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും അനാവശ്യമാണെന്നും എം.ജെ.അക്ബര്‍ പറഞ്ഞു.
രാഷ്ട്രീയമായ ഭയം ന്യൂനപക്ഷങ്ങളില്‍ കുത്തിവെച്ച് നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസിന്റേയും കമ്മ്യൂണിസ്റ്റുകാരുടേയും ശ്രമം. ന്യൂനപക്ഷങ്ങള്‍ ഭീഷണി നേരിടുന്നുവെന്നാണ് സോണിയ ഗാന്ധി പറയുന്നത്. എന്നാല്‍ ആരില്‍ നിന്നും ആരും ഭീഷണി നേരിടുന്നില്ല. പ്രഭാതത്തില്‍ പ്രാര്‍ത്ഥനകളും പള്ളി മണികളും ബാങ്കുവിളിയും ഒന്നുപോലെ കേള്‍ക്കാന്‍ കഴിയുന്ന ലോകത്തെ ഏകരാജ്യം ഇന്ത്യയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
Post Your Comments