മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. എന്നാല്‍ ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണിത്. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഒക്കെ ഫലമാണ് പലപ്പോഴും ഹൃദയത്തെ ബാധിക്കുന്നത്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
വെള്ളം ധാരാളം കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ഹൃദയത്തിന്‍റെ മാത്രമല്ല, ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
ദിവസവും പതിവായി വ്യായാമം ചെയ്യുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് അടുത്തതായി ചെയ്യേണ്ട കാര്യം. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. അതിനായി പച്ചക്കറികളും പഴങ്ങളും ഭക്ഷ്യധാന്യങ്ങളും മുഴുധാന്യങ്ങളിളും കൂടുതലായി കഴിക്കണം.
ഉപ്പിന്‍റെ അമിത ഉപയോഗം, പഞ്ചസാരയുടെ അമിത ഉപയോഗം, പാക്കറ്റ് ഭക്ഷണങ്ങള്‍, ഫ്രൈഡ് ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
സ്ട്രെസ് നിയന്ത്രിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം.
പുകവലി ഉപേക്ഷിക്കുക. പുകവലി ഹൃദയത്തെ മാത്രമല്ല, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും. മദ്യപാനവും കുറയ്ക്കുന്നതാണ് നല്ലത്.
Post Your Comments