കൊല്ലം: പൊലീസ് ചമഞ്ഞ് വാഹനം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. കരുനാഗപ്പള്ളി തഴവ ഷെഷാസ് വീട്ടിൽ മുഹമ്മദ് നഹാസ്(45) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. മണപ്പള്ളി ജംഗ്ഷനിൽ നിന്നും ശൂരനാട് സ്വദേശിയായ അഖിൽദാസിന്റെ ഇരുചക്ര വാഹനത്തിൽ കയറിയ പ്രതി വെളുത്തമണൽ ഭാഗത്ത് എത്തിയപ്പോൾ ഇയാൾ പൊലീസ് സ്ക്വാഡിലെ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് അഖിലിനോട് പണം ആവശ്യപ്പെടുകയായിരുന്നു.
Read Also : കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷകർ കൊച്ചിയിൽ തിരിച്ചെത്തി
ഇയാൾ പണം നൽകാനില്ലാതെ പകച്ച് നിന്ന സമയം പ്രതി വാഹനവുമായി കടന്ന് കളയുകയായിരുന്നു. തുടർന്ന്, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇയാൾ പൊലീസ് അല്ലെന്നും മോഷ്ടാവാണെന്നും വ്യക്തമായത്.
തുടർന്ന്, കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments