ന്യൂഡൽഹി: വിവാഹം കഴിക്കാതെ കൂടെ താമസിക്കുകയായിരുന്ന കാമുകിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. നിക്കി യാദവ് എന്ന യുവതിയെ കാമുകൻ സാഹിൽ ഗെഹ്ലോട്ട് (24) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി തന്റെ മൊബൈലിലെ ഡാറ്റാ കേബിൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്. ഫെബ്രുവരി 9, 10 തീയതികളിൽ കശ്മീരി ഗേറ്റ് ഐഎസ്ബിടിക്ക് സമീപം വെച്ചായിരുന്നു സംഭവം.
നിക്കിയും സാഹിലും പ്രണയത്തിലായിരുന്നു. കൂടാതെ ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നതും. ഇതിനിടെ സാഹിൽ മറ്റൊരു യുവതിയുമായി പ്രണയത്തിലായി. നിക്കിയെ ഒഴിവാക്കി പുതിയ കാമുകിയെ വിവാഹം കഴിക്കാൻ സാഹിൽ ശ്രമം നടത്തി. ഇത് തിരിച്ചറിഞ്ഞ നിക്കി കാമുകനെ ഭീഷണിപ്പെടുത്തി. തന്നെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിച്ചാൽ വെറുതെ വിടില്ലെന്ന് യുവതി മുന്നറിയിപ്പ് നൽകി. ഇതോടെ പ്രകോപിതനായ സാഹിൽ ഏത് വിധേനയും നിക്കിയെ കൊലപ്പെടുത്തണമെന്ന് തീരുമാനിക്കുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷം പ്രതി യുവതിയുടെ മൃതദേഹം മിത്രോൺ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ധാബയിലെ ഫ്രിഡ്ജിൽ ഒളിപ്പിച്ചു. ചൊവ്വാഴ്ച ധാബയിലെ ഫ്രിഡ്ജിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിക്കിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം ഇയാൾ വീട്ടിൽ പോയി മറ്റൊരു സ്ത്രീയുമായുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു.
Post Your Comments