NewsTechnology

ആദ്യം എഫ്.ബി.ഐ ആപ്പിളിന്‍റെ പുറകേ നടന്നു, ഇപ്പോള്‍ ആപ്പിള്‍ എഫ്.ബി.ഐയുടെ പുറകേയും!

കാലിഫോര്‍ണിയയിലെ സാന്‍-ബെര്‍ണാഡീനോയില്‍ 14 പേരെ വെടിവച്ചുകൊന്ന സയെദ് റിസ്വാന്‍ ഫാറൂക്കിന്‍റെ ഐഫോണിന്‍റെ സെക്യൂരിറ്റി സംവിധാനം ഒഴിവാക്കി എഫ്ബിഐയുടെ അന്വേഷണത്തിനായി അത് തുറന്നു കൊടുക്കണം എന്ന ആവശ്യവുമായി ആദ്യം യുഎസ് ഗവണ്മെന്‍റും എഫ്ബിഐയും ആപ്പിളിന്‍റെ പുറകേ കുറെനടന്നു. പക്ഷേ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമായതിനാല്‍ തീവ്രവാദിയുടെ ഫോണ്‍ ആയിരുന്നാല്‍ക്കൂടി ലോക്ക് മാറ്റാനാവില്ല എന്ന കടുംപിടിത്തം നടത്തി അപ്പിള്‍ അവരെ നിരാശരാക്കി മടക്കിഅയച്ചു.

പക്ഷേ ഒരു ഗവണ്മെന്‍റിതര കമ്പനിയുടെ സഹായത്തോടെ എഫ്ബിഐ കഴിഞ്ഞയാഴ്ച്ച റിസ്വാന്‍ ഫാറൂക്കിന്‍റെ ഐഫോണ്‍ അണ്‍ലോക്ക് ചെയ്തു. ഐഫോണില്‍ ആപ്പിള്‍ ഏര്‍പ്പെടുത്തിയ സെക്യൂരിറ്റി സംവിധാനത്തിലെ ഒരു പിഴവ് മുതലെടുത്താണ് ഈ കമ്പനി ഇത് സാധ്യമാക്കിയത്. പക്ഷേ ആ കമ്പനി ഏതാണെന്നും, എങ്ങനെയാണ് ഫോണ്‍ അണ്‍ലോക്ക് ആക്കിയതെന്നുമുള്ള വിവരങ്ങള്‍ രഹസ്യമാക്കിത്തന്നെ വച്ചിരിക്കുകയാണ് എഫ്ബിഐയും യുഎസ് ഗവണ്മെന്‍റും.

ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് ആപ്പിളാണ്. തങ്ങളുടെ ഫോണ്‍ ഭയങ്കരമായ സുരക്ഷാസംവിധാനങ്ങള്‍ ഉള്ളതാണെന്നും, അതിന്‍റെ സെക്യൂരിറ്റി സംവിധാനം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നുമൊക്കെ വീമ്പിളക്കിയ ശേഷം ഏതോ ഒരു കമ്പനി പുഷ്പം പോലെ അത് തകര്‍ത്തത് കമ്പനിയുടെ മൊത്തത്തിലുള്ള വിശ്വാസ്യതയെ ബാധിച്ചിരിക്കുകയാണ്.

ഇപ്പോള്‍, തങ്ങള്‍ ആദ്യം നിരാശരാക്കി മടക്കിഅയച്ച എഫ്ബിഐയുടേയും യുഎസ് ഗവണ്മെന്‍റിന്‍റേയും പുറകേ നടക്കുകയാണ് ആപ്പിള്‍. തങ്ങളുടെ സംവിധാനത്തിലെ ഏത് പിഴവ് മുതലെടുത്താണ് ഐഫോണ്‍ അണ്‍ലോക്ക് ചെയ്തതെന്ന് പറയുകയാണെങ്കില്‍ തങ്ങള്‍ക്ക് ആ പിഴവ് പരിഹരിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കാമായിരുന്നു എന്ന് പറഞ്ഞാണ് ആപ്പിള്‍ ഇവരുടെ പുറകേ കൂടിയിരിക്കുന്നത്.

പക്ഷേ യുഎസ് ഗവണ്മെന്‍റും എഫ്ബിഐയും അടുക്കുന്നില്ല എന്നാണ് അമേരിക്കയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button