ഇലന്തൂർ നരബലി കേസിലെ ഏറ്റവും ക്രൂരമായ കൊലപാതകത്തിൻ്റെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ലോട്ടറി വിലപ്പനക്കാരിയായ റോസ്ലിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റുപത്രമാണ് ഇന്ന് സമർപ്പിക്കുന്നത്. പെരുമ്പാവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ്︋പി പറഞ്ഞു. നരബലിക്കായി തമിഴ്നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ ഈ മാസം ആറിന് കുറ്റപത്രം സമർപ്പിച്ചിരുന്നു.
അതേസമയം പ്രസ്തുത കേസിൽ ആദ്യ കൊലപാതകം നടന്നത് റോസ്ലിയുടേതായിരുന്നു. മൂവായിരത്തോളം പേജുകളുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഇതിനിടെ റോസ്ലിയെ കട്ടിലില്‍ ചേര്‍ത്തുകെട്ടി നരബലിക്കായി കിടത്തിയിരിക്കുന്ന നിര്‍ണായക തെളിവ് ഫേസ്ബുക്ക് മെസഞ്ചറില്‍നിന്നു വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. റോസ്ലിയെ കൊലപ്പെടുത്തുന്നതിന് മുൻപ് എടുത്ത ചിത്രമായിരുന്നു അത്. അന്വേഷണത്തിനൊടുവിൽ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കണ്ടുകിട്ടിയതും നേട്ടമായിട്ടുണ്ട്.
എറണാകുളം കാലടിയിൽ ലോട്ടറി വിൽപനക്കാരിയായിരുന്ന റോസ്ലിയെ 2022 ജൂൺ എട്ട് മുതലാണ് കാണാതാകുന്നത്. റോസ്ലിയെ ഷാഫി തട്ടിക്കൊണ്ടു പോയി ഇലന്തൂരിൽ ഭഗവത് സിംഗിൻറെ വീട്ടിലെത്തിച്ച് നരബലിക്കായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മനുഷ്യമാംസം പാകം ചെയ്ത് കഴിച്ചുവെന്നും ശരീരഭാഗങ്ങൾ കഷണങ്ങളാക്കി കുഴിച്ച് മൂടുകയും ചെയ്തുവെന്നാണ് കേസ്. നരബലിക്കേസിൽ ഏറ്റവും ക്രൂരമായ കൊലപാതകമാണ് റോസ്ലിയുടേതെന്നാണ് കുറ്റപത്രത്തിൽ സൂചനകളുള്ളത്. മൃഗീയമായ രീതിയിലാണ് ഒന്നാം പ്രതി ഷാഫിയും മറ്റുപ്രതികളായ ലെെലയും ഭഗവത്സിംഗും റോസ്ലിയോട് പെരുമാറിയതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
കേസിൻ്റെ കാര്യത്തിൽ ഇപ്പോഴും ചില പ്രതിസന്ധികൾ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നു. അതിൽ പ്രധാനം ഇരകളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചതിനു ദൃക്സാക്ഷികളില്ലെന്നുള്ളതാണ്. എന്നാൽ ഇവിടെ പ്രതികളുടെ കുറ്റസമ്മതമൊഴിയും ഡിഎന്‍എ- ഫിംഗര്‍പ്രിൻ്റ് ഫലങ്ങളെയുമാണ് അന്വേഷണ സംഘം ആശ്രയിച്ചത്. രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും നല്കിയ മൊഴികള്‍ നിര്‍ണായകമാണ്. ഇവരുടെ മൊഴി ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും സമ്മതിച്ചിട്ടുണ്ടെന്നുള്ളത് അന്വേഷണ സംഘത്തിന് മറ്റൊരു പിടിവള്ളി കൂടിയാണ്.
അന്വേഷണ സംഘം വളരെ കരുതലോടെയാണ് മുന്നോട്ടു പോയത്. ഈ കുറ്റകൃത്യത്തിൽ ഒരു തെളിവും വിട്ടുകളയരുതെന്ന നിർബന്ധ ബുദ്ധിയോടെ തന്നെയാണ് അന്വേഷണ സംഘം ഈ കേസിനൊപ്പം നീങ്ങിയത്. കേസുമായി ബന്ധപ്പെട്ട വിവിധയിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്സ്ആപ്പ് തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞു.
റോസ്ലി തിരോധാനം അന്വേഷിക്കുന്നതിൽ കാലടി പൊലീസിൻറെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു. പിന്നീട് എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചത്. ഈ കേസിൽ എറണാകുളം നഗരത്തിൽ നിന്നും പത്മയുടെ തിരോധാനമാണ് വഴിത്തിരിവായതും കേസിലേക്ക് വെളിച്ചം വീശിയതും. പത്മ കേസിൽ പ്രതികളുടെ വെളിപ്പെടുത്തലാണ് ഞെട്ടിക്കുന്ന ആദ്യ നരബലിയിലേക്ക് എത്തുന്നത്. കൂടുതൽ അന്വേഷണത്തിലാണ് പത്മയെ കൊലപ്പെടുത്തിയതിനേക്കാൾ ക്രൂരമായാണ് പ്രതികൾ റോസ്ലിയെ കൊലപ്പെടുത്തിയെന്ന് വ്യക്തമായതും. റോസ്ലി കേസിലും മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ് ഭാര്യ ലൈല എന്നിവർ തന്നെയാണ് പ്രതികൾ.
Post Your Comments