കൊല്ലം: റിമാന്‍ഡ് പ്രതിക്ക് കോടതിയുടെ അനുമതിയോടെ വിവാഹം. പ്രതിയായ വരനെ അണിയിച്ചൊരുക്കിയതും പൊലീസ് വാഹനത്തില്‍ യാത്രയാക്കിയതും ജില്ലാ ജയിലിലെ സഹതടവുകാര്‍. പൊലീസ് അകമ്പടിയില്‍ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ വരനെകണ്ട് ആദ്യം നാട്ടുകാരും അമ്പരന്നു. കൊട്ടിയം നടയില്‍ വടക്കതില്‍ സുമിത് ഭവനില്‍ ഫല്‍ഗുനദാസ്‌സീതദമ്പതികളുടെ മകന്‍ സുമിത് ദാസാ(28)ണ് ജയിലില്‍നിന്നെത്തി വിവാഹിതനായത്.
പള്ളിമുക്കിനു സമീപമുള്ള പാലത്തറ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ 11.30ന് നടന്ന സമൂഹവിവാഹത്തിലായിരുന്നു സുമിത്ത് ഉമയനല്ലൂര്‍ പുതുച്ചിറ സരിതാ വിലാസത്തില്‍ എസ്. രാജേന്ദ്രന്‍വസന്ത ദമ്പതികളുടെ മകള്‍ സൗമ്യയെ ജീവിതസഖിയാക്കിയത്. കഴിഞ്ഞ 18ന് ബാറിനു മുമ്പിലുണ്ടായ അടിപിടിക്കേസിലാണ് സുമിത് ജയിലിലാകുന്നത്. ജാമ്യം ലഭിക്കാതെവന്നതിനെ തുടര്‍ന്നു കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ വിവാഹത്തിനായി കഴിഞ്ഞ ദിവസം അപേക്ഷ നല്‍കി. തുടര്‍ന്നാണ് കോടതി വിവാഹത്തിനായി മൂന്നു മണിക്കൂര്‍ സമയം അനുവദിച്ചത്.
വിവാഹശേഷം സുമിത്തിനൊപ്പം പൊലീസുകാരും സദ്യയില്‍ പങ്കെടുത്തു. വധു വരന്റെ വീട്ടിലേക്ക് യാത്രയായ ഉടന്‍ സുമിത്തിനെ പൊലീസ് ജയിലിലേക്കു മടക്കിക്കൊണ്ടുപോയി. കൊട്ടിയത്തെ ഒരു വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരിയാണ് വധു സൗമ്യ. സുമിത്തും നേരത്തേ ഇതേ വ്യാപാരശാലയിലെ ജീവനക്കാരനായിരുന്നു.
Post Your Comments