കണ്ണൂര്‍ : ചപ്പാത്തിയും ബിരിയാണിയും ലഡുവും ചുരുങ്ങിയ വിലയ്ക്ക് വിപണിയിലെത്തിച്ച കണ്ണൂര്‍ സെന്‍ട്രെല്‍ ജയിലില്‍ പൊതുജനങ്ങള്‍ക്കായി ബ്യൂട്ടി പാര്‍ലര്‍ ഒരുങ്ങുന്നു. ചുരുങ്ങിയ നിരക്കില്‍ സേവനം ലഭ്യമാക്കുന്ന പാര്‍ലറാണ് ജയിലിനോടനുബന്ധമായി തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി തടവുകാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
തളിപ്പറമ്പ് റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകരായ ബിനുവും പ്രജീഷുമാണ് 30 തടവുകാര്‍ക്ക് ബ്യൂട്ടീഷന് പരിശീലനം നല്‍കിയത്. മികച്ച നിലയില്‍ പരിശീലനം നേടിയ തടവുകാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇന്നു രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് വിതരണം ചെയ്യും. ഉത്തരമേഖല ജയില്‍ ഐജി ശിവദാസ് കെ.തൈപ്പറമ്പില്‍ ചടങ്ങില്‍ സംബന്ധിക്കും.
ജയിലിനു പുറത്ത് ജയിലിന്റെ തന്നെ അധീനതയിലുള്ള കെട്ടിടം ഉപയോഗപ്പെടുത്തി ബ്യൂട്ടിപാര്‍ലര്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. പരിശീലനം ലഭിച്ച ബ്യൂട്ടഷന്മാരെ ഇവിടെ മാറിമാറി ഡ്യൂട്ടിക്കു നിയോഗിക്കും. തടവുകാരുടെ മാനസികമായ മാറ്റത്തിന് ഉതകുന്ന വിധത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സെന്‍ട്രെല്‍ ജയിലില്‍ ബ്യൂട്ടീഷന് പരിശീലനം നല്‍കിയത്. തടവുകാരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തണമെന്നുള്ള ലക്ഷ്യം മുന്‍നിര്‍ത്തി ജയില്‍ സൂപ്രണ്ട് അശോകന് അരിപ്പയുടെ നേതൃത്വത്തില്‍ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ മികച്ച പിന്തുണയുമായപ്പോള് തികച്ചു വ്യത്യസ്തമായ ഒരു പദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നത്. നേരത്തെ തടവുകാരുടെ അഭിരുചിക്കനുസരിച്ച് യന്ത്രം ഉപയോഗിച്ചുള്ള തെങ്ങ് കയറ്റം, 200 പേര്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം എന്നിവ നല്‍കിയിരുന്നു. പുതിയ തൊഴില്‍ മാനസികമായി ഉന്മേഷം പകരുമെന്ന് ബ്യൂട്ടിഷന്‍ പരിശീലനം നേടിയ തടവുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
Post Your Comments