ന്യൂഡല്‍ഹി: കെട്ടിടങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നവരെ അവര്‍ അറിയാതെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന തെര്‍മല്‍ ഇമേജിംഗ് റഡാര്‍ ഇന്ത്യന്‍ പ്രതിരോധ ഗവേഷണ ഏജന്‍സി (ഡി.ആര്.ഡി.ഒ) വികസിപ്പിച്ചെടുത്തു. ഇന്ത്യന്‍ പ്രതിരോധ സേനയുടെ ആക്രമണശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ ഉപകരണത്തിന് ‘ദിവ്യ ചക്ഷു’ എന്നാണ് പേര്.
30 സെന്റി മീറ്റര്‍ വരെ കനമുള്ള ചുവരുകള്‍ക്കപ്പുറത്തെ ദൃശ്യങ്ങള്‍ ദിവ്യചക്ഷു വഴി കാണാനാകും. ചുവരിനപ്പുറം 20 മീറ്റര്‍ വരെ അകലത്തിലുണ്ടാകുന്ന ചലനങ്ങളും റഡാറിലൂടെ തിരിച്ചറിയാനാകും. ആക്രമികള്‍ ആരേയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെങ്കില്‍ സൈന്യത്തിന് വളരെവേഗം ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും. അക്രമികളുടെ ചലനങ്ങള്‍ നിരീക്ഷിച്ച് അവരറിയാതെ പ്രത്യാക്രമണം നടത്താനും ഈ ഉപകരണം സഹായകമാകും.
2008 ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇത്തരമൊരു റഡാറിനുവേണ്ടി സൈന്യം ഗവേഷണം ആരംഭിച്ചത്. ഇത്തരം സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് ഉണ്ടായിരുന്നെങ്കില്‍ 2008 നവംബറിലുണ്ടായ മുംബൈ ഭീകരാക്രമണത്തെ വളരെവേഗം പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു. അടുത്തിടെ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലുണ്ടായ പൊലീസ് സ്റ്റേഷന് ആക്രമണം, പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണം എന്നിവയും ഇതിന്റെ ഗവേഷണങ്ങള്‍ വേഗത്തിലാക്കി. ഇനി ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈന്യത്തിന്റെ ആക്രമണ ശേഷി ഇരട്ടിയാക്കാന്‍ ‘ദിവ്യചക്ഷു’ സഹായിക്കും.
2010 ലാണ് ഇതിന്റെ ശ്രമങ്ങള്‍ ആരംഭിച്ചത്. ഈ വര്‍ഷം അവസാനത്തോടെ വിജയകരമായി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ ഗവേഷണ സ്ഥാപനത്തില്‍ റഡാറിന്റെ പ്രായോഗിക തലത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ചതിനാല്‍ ഇന്ത്യന്‍ തെര്‍മ്മര്‍ റഡാറിന് 35 ലക്ഷം രൂപ മാത്രമാണ് വില. ആഗോളവിപണിയില്‍ രണ്ട് കോടിരൂപയോളം രൂപ വില വരും സമാനമായ ഉപകരണത്തിന്. ഭാരക്കൂടുതല്‍ മാത്രമാണ് ഒരു ന്യൂനത. ഇത് കുറയ്ക്കാനുള്ള പരീക്ഷണങ്ങളും നടന്നുവരികയാണ്. പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ദിവ്യ ചക്ഷു ഇന്ത്യന്‍ സേനയുടെ ഭാഗമാകും.
Post Your Comments