കൊച്ചി : വിദേശപൗരനെ ഉപയോഗിച്ച് കേരളത്തിലേക്ക് 100 കിലോയിലേറെ സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് മലയാളികള്‍ക്ക് കോഫെപോസ (കള്ളക്കടത്തു തടയല്‍ നിയമം) ചുമത്തി. പത്തുകിലോ സ്വര്‍ണവുമായി അയര്ലണ്ടുകാരന് എഡ്വിന് മിനിഹാന്‍ പിടികൂടിയിലായ കേസിലാണ് കസ്റ്റംസിന്റെ തടങ്കല്‍ ഉത്തരവ്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം.
ഒളിവിലുള്ള ഇടപ്പള്ളി ബിടിഎസ് റോഡില്‍ പാരിഖ് അക്ബര്‍ മുഹമ്മദ്, കലൂര്‍ ഫ്രീഡം റോഡില്‍ തെക്കലക്കാട് നിബു മാത്യു വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് കസ്റ്റംസിന്റെ ശുപാര്‍ശ പ്രകാരം ബോര്‍ഡ് കോഫെപോസ ചുമത്തിയത്. അയര്‍ലന്‍ഡ് സ്വദേശി എഡ്വിന് മിനിഹാന്‍ വശം ദുബായില്‍ നിന്ന് സ്വര്‍ണം കൊടുത്തയച്ചിരുന്നത് പാരിഖ് അക്ബറാണെന്നും കൊച്ചിയില്‍ ഇതു സ്വീകരിച്ചിരുന്നതു നിബുവാണെന്നും കസ്റ്റംസ് പറഞ്ഞു. 21 തവണയായി 126 കിലോഗ്രാം സ്വര്‍ണം എഡ്വിന് മിനിഹാനെ ഉപയോഗിച്ച് കേരളത്തിലേക്ക് കടത്തിയതായാണ് വിവരം.
പത്തു കിലോഗ്രാം സ്വര്‍ണവുമായി ജൂണ്‍ 13 ന് എഡ്വിന് മിനിഹാനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തതോടെയാണ് വന്‍ സ്വര്‍ണക്കടത്തു പുറത്തായത്. കൊച്ചിയിലെ നക്ഷത്രഹോട്ടലുകളിലായിരുന്നു ഓരോ തവണയും സ്വര്‍ണ്ണം െൈകമാറിയിരുന്നത്. പാലാരിവട്ടത്തെ ഹോട്ടലില്‍ എഡ്വിന് മിനിഹാന്‍ സ്വര്ണവുമായെത്തുന്നതു കാത്തിരുന്ന നിബു മാത്യു വര്‍ഗീസ്, മിനിഹാനെ കസ്റ്റംസ് പിടിച്ചത് അറിഞ്ഞ് മുങ്ങി. കാറില്‍ ബെംഗളൂരുവിലേക്കാണ് ഇയാള്‍ കടന്നത്. ഈ ഒളിത്താവളം തേടി കസ്റ്റംസ്് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അവിടെ നിന്നു രക്ഷപ്പെട്ടു. സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചിരുന്ന ഇയാളുടെ കാര്‍ ഈ ഒളിത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നിബു മൈസൂരിലേക്കു മാറി.
എന്നാല്‍ അവിടെ ചന്ദക്കള്ളക്കടത്ത് കേസ് പ്രതിയായ സുഹത്തിനൊപ്പം കര്‍ണാടക ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കസ്റ്റംസ് സംഘം മൈസൂരുവിലെത്തിയപ്പോഴേക്കും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ നിന്നു മോചിതനായ ഇയാള്‍ മുങ്ങി. ബെംഗളൂരുവിലും മൈസൂരുവിലും നിബുവിന് ഒളിച്ചു താമസിക്കാന്‍ സൗകര്യമൊരുക്കിയതു മലയാളി വനിതയായിരുന്നു. ഇവരെ ചോദ്യം ചെയ്ത കസ്റ്റംസ് നിബു കേരളത്തിലേക്കു കടന്നുവെന്ന നിഗമനത്തിലാണ്. നിബുവിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് കസ്റ്റംസ് പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പാരിഖ് അക്ബര്‍ ദുബായില്‍ തന്നെ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന. എഡ്വിന് മിനിഹാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.
Post Your Comments