തിരുവനന്തപുരം: നാലുമുറി ഷെഡിന് 46,000 രൂപ വാടക ചോദിച്ചെത്തിയ കെട്ടിട ഉടമയെ പഞ്ഞിക്കിട്ട് അതിഥി തൊഴിലാളികൾ. ഉടമയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാർഖണ്ഡ് സ്വദേശികളും സഹോദരങ്ങളുമായ സ്വപൻകുമാർ മഹൽദാർ (33), നന്ദുകുമാർ മഹൽദാർ (29) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്.
കെട്ടിട ഉടമ കൊയ്ത്തൂർക്കോണം സ്വദേശി നവാസിനാണ് മൂക്കിനും കണ്ണിനും പരിക്കേറ്റത്. നവാസ് മെഡിക്കൽകോളജിലും തുടർന്ന് കണ്ണാശുപത്രിയിലും ചികിത്സതേടി. നവാസിന്റെ ഉടമസ്ഥതയിൽ പോത്തൻകോട് ജംഗ്ഷനു സമീപം വിദേശ മദ്യശാലയ്ക്ക് എതിർവശത്തായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിട്ടുള്ള ഷെഡിൽ വച്ചായിരുന്നു സംഭവം. വാടക ചോദിക്കാനെത്തിയതായിരുന്നു നവാസ്.
എന്നാൽ ലൈറ്റ് കത്താത്തതിനെക്കുറിച്ചും സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നതിനെക്കുറിച്ചുമെല്ലാം തൊഴിലാളികൾ പരാതി പറഞ്ഞു. ഇതേ ചൊല്ലി പിന്നീട് വാക്കേറ്റമായി. തുടർന്നായിരുന്നു മർദ്ദനം. ഇടിവള കൊണ്ട് നന്ദുകുമാറും സ്വപൻകുമാറും നവാസിന്റെ മുഖത്ത് ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. കണ്ണിന്റെ ഭാഗത്ത് പൊട്ടലുണ്ട്. മറ്റ് തൊഴിലാളികളാണ് നവാസിനെ രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചത്. തൊഴിലാളികളിൽ ചിലർ മദ്യപിച്ചിട്ടുണ്ടായിരുന്നു. പ്രതികളായ രണ്ടു പേരെയും കോടതി റിമാൻഡ് ചെയ്തു.
Post Your Comments