മുംബൈ: തുടര്‍ച്ചയായി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു കൗമാരക്കാരന് 15 കാരിയെ വെടിവച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മംമ്ത മോറിയക്കെതിരെയാണ് അകന്ന ബന്ധുകൂടിയായ 19 കാരന് വെടിയുതിര്‍ത്തത്. നാടന്‍ തോക്കു കൊണ്ടാണ് വെടിയുതിര്‍ത്തത്. പെണ്‍കുട്ടി തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നു രക്ഷപ്പെട്ടത്. പോയിന്റ് ബ്ലാങ്ക് ലക്ഷ്യമാക്കി വച്ച വെടി പെണ്‍കുട്ടിയുടെ കണ്ണിനു താഴെ താടിയെല്ലു തുളച്ചാണ് കടന്നു പോയത്. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കമലാകാന്ത് സെയ്നി എന്ന കൗമാരക്കാരനാണ് മംമ്തയെ വെടിവച്ചത്.
സെയ്നി കഴിഞ്ഞ രണ്ടാഴ്ചയായി മംമ്തയുടെ പുറകെയായിരുന്നു. മൂന്നുമാസം മുമ്പ് ഒരു ബന്ധുവീട്ടിലെ വിവാഹചടങ്ങിനിടെയാണ് മംമ്തയും സെയ്നിയും തമ്മില്‍ കണ്ടത്. ഇതിനു ശേഷം സെയ്നി മുംബൈയില്‍ എത്തുകയും മംമ്തയുടെ അച്ഛനോടു ഒരു ജോലി ശരിയാക്കി കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ രണ്ടുദിവസമായി സെയ്നി ജോലിക്കും പോകാറില്ലായിരുന്നെന്നും മംമ്തയുടെ അമ്മ ഉര്‍മിള പറഞ്ഞു. പരുക്കേറ്റ് ആശുപത്രിയിലായതിനാല്‍ മംമ്തയ്ക്ക് ബാക്കിയുള്ള പരീക്ഷകള്‍ക്ക് ഹാജരാകാന്‍ സാധിക്കില്ല. തനിക്ക് ഏറെ പ്രതീക്ഷയാണ് മകളെ കുറിച്ച് ഉണ്ടായിരുന്നതെന്നും ഉര്‍മിള പറഞ്ഞു.
മംമ്ത തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് സെയ്നി ഏറെ അസ്വസ്ഥനായിരുന്നെന്നു പൊലീസ് പറഞ്ഞു. ഒടുവില്‍ വെള്ളിയാഴ്ച രാവിലെ 8.30 ഓടെ സെയ്നി മംമ്തയുടെ വീട്ടിലേക്ക് ചെന്നു. തോക്കും കയ്യിലുണ്ടായിരുന്നു. വീണ്ടും സെയ്നി വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും മംമ്ത തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ ക്ഷുഭിതനായ സെയ്നി കയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് മംമ്തയുടെ തലയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടപാടെ ഓടിക്കൂടിയ അയല്‍ക്കാരാണ് ഓടിരക്ഷപ്പെടാന്‍ ഒരുങ്ങിയ സെയ്നിയെ പിടികൂടിയത്. രക്തം വാര്ന്നൊഴുകുകയായിരുന്ന മംമ്തയെ ആശുപത്രിയിലേക്കും കൊണ്ടുപോയി.
വലത്തെ താടിയിലൂടെ കയറിയ വെടിയുണ്ട ഇടതു കണ്ണിനു താഴെയാണ് കൊണ്ടതെന്ന് സി.ടി സ്കാനില്‍ വ്യക്തമായി. തലയോട്ടി പിളര്‍ന്ന് പോകാതിരുന്നതിനാല്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇ.എന്‍.ടി, പ്ലാസ്റ്റിക് സര്‍ജറി, അനസ്തേഷ്യ, ഒഫ്താല്‍മോളജി എന്നി വിഭാഗങ്ങളില്‍ നിന്നുള്ള 20 ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് മംമ്തയെ ചികിത്സിക്കുന്നത്.
Post Your Comments