India

ഒരു റാങ്ക് ഒരു പെൻഷൻ: ആദ്യഗഡു 7.75 ലക്ഷത്തോളം വിമുക്തഭടന്മാര്‍ക്ക് കൈമാറി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന ഒരു റാങ്ക് ഒരു പെൻഷൻ (OROP) പദ്ധതിയുടെ കുടിശ്ശികയുടെ ആദ്യഗഡു വിമുക്തഭടന്മാര്‍ക്ക് കൈമാറി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് 1465 കോടി രൂപ 7.75 ലക്ഷത്തോളം  ജവാന്മാര്‍ക്ക് വിതരണം ചെയ്തത്.

2016 ഫെബ്രുവരി വരെയുള്ള കുടിശികയുടെ 25 ശതമാനമാണ് ( നാലിലൊന്ന്) ഇപ്പോള്‍ വിതരണം ചെയ്തതെന്ന് എസ്.ബി.ഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. കുടുംബ പെന്‍ഷന്‍കാര്‍ക്കും ഗാലന്ററി അവാര്‍ഡ് പെന്‍ഷന്‍കാര്‍ക്കുമുള്ള മുഴുവന്‍ തുകയും വിതരണം ചെയ്തതായും അവര്‍ അറിയിച്ചു.

എല്ലാ പെന്‍ഷന്‍കാര്‍ക്കും 2016 മാര്‍ച്ച്‌ മുതല്‍ പുതുക്കിയ അടിസ്ഥന ശമ്പളം ലഭിക്കുമെന്നും അരുന്ധതി ഭട്ടാചാര്യ പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തെ പ്രതിരോധ മേഖലയിലെ പെന്‍ഷന്റെ 50 ശതമാനവും എസ്.ബി.ഐ വഴിയാണ് വിതരണം ചെയ്യുന്നത്.

രാജ്യത്തെ സൈനികരുടെ നാലുപതിറ്റാണ്ട് പഴക്കമുള്ള ആവശ്യമായിരുന്നു വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി. നിരന്തര പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ നിലവില്‍ വന്നതായി കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പ്രഖ്യാപിച്ചിരുന്നു. 22 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്കും ആറുലക്ഷത്തോളം സൈനികവിധവകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം പതിനായിരം കോടി രൂപ അധികചെലവു വരുന്ന പദ്ധതിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button