കടയ്ക്കല്‍: ആദില്‍ മുഹമ്മദിന്റെ ദുരൂഹ മരണം തമിഴ്‌നാട് സി.ബി.സി.ഐ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പിതാവ് നിവേദനം നല്‍കി.
തുടര്‍ നടപടിക്കായി നിവേദനം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കൈമാറി. ചടയമംഗലം നിലമേല്‍ പാങ്ങൂട് പുത്തന്‍വീട്ടില്‍ നജീബാണ് മകന്റെ ദുരൂഹ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
Read Also: അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാനുള്ള അക്കാദമിക യോഗ്യത പ്രിയ വർഗീസിനില്ല: ഹൈക്കോടതി
തമിഴ്‌നാട്ടില്‍ വെച്ച് കഴിഞ്ഞ മെയ് ആറിന് വൈകീട്ടാണ് ആദില്‍ മുഹമ്മദിനെ (14) കാണാതായത്. പെരുന്നാള്‍ ആഘോഷിക്കാന്‍ മാതാവ് സുജിതയുടെ നാഗര്‍കോവിലെ കുടുംബവീട്ടില്‍ എത്തിയതായിരുന്നു. സമീപത്തെ കുട്ടികളോടൊപ്പം കളിക്കാന്‍ പോയതു മുതല്‍ കാണാതാകുകയായിരുന്നു.
രണ്ടുദിവസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ വീടിന് സമീപത്തെ കുളത്തില്‍ ആദിലിനെ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആദിലിന്റെ ചെരിപ്പുകള്‍ സമീപത്തെ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നാണ് ലഭിച്ചത്.
ശരീരത്തില്‍ ഷര്‍ട്ട് ഉണ്ടായിരുന്നില്ല. കഴുത്തില്‍ കയര്‍ മുറുക്കിയതിന് സമാനമായ പാട് ഉണ്ടായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മരണത്തില്‍ സംശയം തോന്നിയ പൊലീസ് ആദിലിന്റെ കൂട്ടുകാരെ അടക്കം ചോദ്യം ചെയ്തിരുന്നു.
പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ ഇടപെടുകയും ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എ. വേല്‍ മുരുകന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും പുരോഗതിയുണ്ടായില്ല.
ഇതോടെയാണ് പിതാവ് നജീബ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്. സമീപത്ത് താമസിക്കുന്നയാളുടെ 14കാരനായ മകന്‍ ബലംപ്രയോഗിച്ച് കളിക്കാനായി ആദിലിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നാണ് നജീബ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നത്.
വൈകുന്നേരമായിട്ടും കുട്ടി തിരികെ എത്താത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ തിരക്കിയിറങ്ങി. തനിച്ച് നില്‍ക്കുകയായിരുന്ന സമീപത്തെ കുട്ടിയോട് ആദിലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എങ്ങോട്ട് പോയെന്ന് അറിയില്ലെന്നായിരുന്നു മറുപടി. പിന്നീട് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ വെളുത്ത ടീഷര്‍ട്ടിട്ട ഒരു കുട്ടി ആദിലിനെ കൂട്ടിക്കൊണ്ടുപോയെന്നായിരുന്നു അയല്‍വാസിയായ കുട്ടിയുടെ മൊഴി.
സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും ഈ മൊഴി തെറ്റാണെന്ന് ബോധ്യപ്പെട്ടതായി ആദിലിന്റെ പിതാവ് പരാതിയില്‍ പറയുന്നു. കേസ് സി.ബി.സി.ഐ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ഉദയചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഡോ. എസ്. കാര്‍ത്തികേയന്‍ കത്ത് നല്‍കി.
Post Your Comments