തൃശൂര്‍: കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക്. കൊല്ലപ്പെട്ട ജമേഷ മുബീന് വിയ്യൂര്‍ ജയിലിലുള്ള ഐഎസ് കേസ് പ്രതി മുഹമ്മദ് അസറുദീന്‍ എന്നയാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം തൃശൂരിലെത്തിയത്. 2019ല്‍ എന്‍ഐഎ അറസ്റ്റ് ചെയ്തയാളാണ് നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്റുദ്ദീന്‍. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എന്‍ഐഎ ഉദ്യോഗസ്ഥരും തമിഴ്‌നാട് പൊലീസിന്റെ അന്വേഷണ സംഘവുമാണ് വിവരങ്ങള്‍ ശേഖരിച്ചത്.
2020 ഒക്ടോബർ അഞ്ചിനാണ് മുബിൻ വിയ്യൂരിലെത്തിയത്.അതീവസുരക്ഷാ ജയിലിൽ നൽകിയത് മലപ്പുറത്തെ വിലാസമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മുബിനും ഇന്നലെ അറസ്റ്റിലായ കൂട്ടാളികളും വിയ്യൂരിലെത്തിയിരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്നത് പോലെ ദീപാവലിക്ക് സ്‌ഫോടനം നടത്താനാണോ മുബീന്‍ ലക്ഷ്യമിട്ടതെന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്.
മുബീന്റെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരത്തില്‍ അന്വേഷണം.അതേസമയം സ്‌ഫോടനമുണ്ടായ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവര്‍ സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.
സ്‌ഫോടനം നടന്ന ടൗണ്‍ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയില്‍ റെക്കോര്‍ഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്. ഈ ദൃശ്യങ്ങളില്‍ നാലു പേര്‍ കാറിനകത്തേക്ക് സാധനങ്ങള്‍ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ടായിരുന്നു.
ഇത് സംബന്ധിച്ച് സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി. ആറ് പ്രത്യേക അന്വേഷണ സംഘമാണ് കാറിലെ സ്‌ഫോടന കേസ് അന്വേഷിക്കുന്നത്. കേസിന്റെ അന്വേഷണ ചുമതല തമിഴ്‌നാട് പൊലീസിലെ പ്രത്യേക സംഘത്തിനാണെങ്കിലും എന്‍ഐഎ വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ട്. ഇന്ന് ഔദ്യോഗികമായി കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുമെന്നാണ് സൂചന.
Post Your Comments