ന്യൂഡൽഹി: ‘ആസാദ് കശ്മീർ’ എന്ന ഫേസ്ബുക്ക് കുറിപ്പിലെ പരാമർശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റാണ് ഹർജി പരിഗണിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതിയുടെ ഉത്തരവ്. പരാതിയില്‍ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയില്‍ റിപ്പോർട്ടായി നല്‍കിയിരുന്നു. അഭിഭാഷകനായ ജി എസ് മണിയാണ് ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം പൊലീസിലും പിന്നീട് കോടതിയിലും പരാതി നല്‍കിയത്.
ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നതാണ് പരാതിക്കാരന്‍റെ ആവശ്യം. കേരളത്തിലെ നിയമ നടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിയില്‍ ഇദ്ദേഹം ആദ്യം തന്നെ വിശദീകരിച്ചിരുന്നു. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
അതേസമയം വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിരുന്നു. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ് ഐ ആർ. കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കേസിൽ കെ ടി ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ.
Post Your Comments