India

ഒരു ടോയ്‌ലറ്റ് പോലുമില്ലാതെ കോളേജ് : 400 ഓളം വിദ്യാര്‍ത്ഥിനികള്‍ മൂത്രമൊഴിക്കുന്നത് പൊതുസ്ഥലത്ത്

ഹൈദരാബാദ്: 40 വര്‍ഷം പഴക്കമുള്ള ഹൈദരാബാദ് അമീര്‍പത്തിലെ ദുര്‍ഗാഭായ് ദേശ്മുഖ് വുമണ്‍സ് ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ടോയ്‌ലറ്റുപോലുമില്ലാത്തത് വിദ്യാര്‍ത്ഥിനികളെ ദുരിതത്തിലാഴ്ത്തുന്നു. ഇതുമൂലം ഇവിടുത്തെ 476 വിദ്യാര്‍ത്ഥിനികള്‍ കോളേജിലെ പൊതുയിടത്ത് മൂത്രമൊഴിക്കേണ്ട അവസ്ഥയാണ്. സുഹൃത്തുക്കള്‍ ഷോളുകള്‍ കൊണ്ടോ മറ്റു തുണികൊണ്ടോ മറച്ചുപിടിച്ചാണ് ഇവര്‍ക്ക് സൗകര്യമൊരുക്കാറ്. സാമൂഹ്യവിരുദ്ധര്‍ കയറിയിറങ്ങി കോളേജും പരിസരവും അങ്ങേയറ്റം നശിപ്പിക്കുകയാണെന്നും വിദ്യാര്‍ത്ഥിനികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ശുചിത്വം എന്നുപറയുന്നത് കോളേജ് കാമ്പസിന്റെ ഏഴയലത്തുപോലുമില്ല. ഈ ദുരിതം കാണിച്ച് കോളേജ് പ്രിന്‍സിപ്പലിന് നിരവധി തവണ പരാതി നല്‍കിയെങ്കിലും അതിലൊന്നും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. കോളേജില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ഒരു ടോയ്‌ലറ്റ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഉപയോഗശൂന്യമായ ആ ടോയ്റ്റലറ്റ് തങ്ങള്‍ എങ്ങനെ ഉപയോഗിക്കുമെന്നാണ് വിദ്യാര്‍ത്ഥിനികള്‍ ചോദിക്കുന്നത്. കോളേജിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് കാണിച്ച് കോളേജ് പ്രിന്‍സിപ്പല്‍ എം. നാഗരാജ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് കത്തയിച്ചിരുന്നെങ്കിലും അതിലും നടപടിയൊന്നും ഉണ്ടായില്ല. കോളേജിന്റെ പരിസരത്തെല്ലാം ചിലര്‍ മാലിന്യങ്ങള്‍കൊണ്ടു തള്ളുന്നുണ്ട്. ഇത് കാരണം ക്ലാസ്‌റൂമുകളില്‍ ഇരുന്ന് പഠിക്കാന്‍ തന്നെ കഴിയാത്ത അവസ്ഥയാണ്.

എന്നാല്‍ ഇപ്പോഴുള്ള കോളേജ് കെട്ടിടം തന്നെ താത്ക്കാലികമായി നിര്‍മിച്ചെടുത്തതാണെന്നും ഇവിടെ കഴിയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നു. സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതുകാരണമാണ് തങ്ങള്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രാഥമിക സൗകര്യം പോലും ഒരുക്കി നല്‍കാന്‍ കഴിയാത്തതെന്നും ഇദ്ദേഹം വ്യക്തമാക്കി. ടോയ്‌ലറ്റ് സൗകര്യം കൂടാതെ മികച്ച ലാബോ ഉപകരണങ്ങളോ മികച്ച ക്ലാസ്‌റൂമുകളോ ഒന്നും ഈ കോളേജില്‍ ഇല്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ലാബിലേക്കായി വാങ്ങിയ പല ഉപകരണങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണ്. ലാബിന് ഉറപ്പുള്ള ഒരു വാതില്‍പോലുമില്ല. ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കടക്കാന്‍ കഴിയുന്ന തരത്തിലാണ് വാതിലുകളെന്നും വിദ്യാര്‍ത്ഥിനികള്‍ സാക്ഷ്യപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button