കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി. പരവൂർ കോട്ടപ്പുറം മാടൻ മുള്ളനഴികം വീട്ടിൽ പട്ടി നിഷാദ് എന്ന് അറിയപ്പെടുന്ന നിഷാദി(34) നാണ് കാപ്പ ചുമത്തി സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയത്.
തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ. നിശാന്തിനി ആണ് ഇയാൾക്ക് ആറ് മാസത്തേക്ക് സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ കാലയളവിൽ ജീവനോപാധിക്കോ അടിയന്തര ആശുപത്രി ആവശ്യങ്ങളോ ഒഴികെയുള്ള ഓരോ ആഴ്ചയിലെയും സഞ്ചലന വിവരങ്ങൾ പരവൂർ സ്റ്റേഷൻ ഹൗസ് ഓഫീസറെ അറിയിക്കണം.
Read Also : ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം : യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു
2010 മുതൽ സ്ഥിരമായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്ന ഇയാളെ ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും പിൻതിരിപ്പിക്കുന്നതിനാണ് സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയത്. ഇയാൾക്കെതിരെ വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റത്തിനും അതിക്രമത്തിനും മോഷണത്തിനും നരഹത്യാശ്രമത്തിനും കൊല്ലം പരവൂർ സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്.
ചാത്തന്നൂർ എസിപി ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ പരവൂർ ഇൻസ്പെക്ടർ എ.നിസാറിന്റെ മേൽനോട്ടത്തിലാണ് കാപ്പ നടപടികൾ പൂർത്തിയാക്കിയത്. സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ഇയാൾ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 1090, 0474-2742072, എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു.
Post Your Comments