കരിപ്പൂര്‍: സംസ്ഥാനത്തെങ്ങും സ്വർണവേട്ട തുടരുകയാണ്. ഓരോ ദിവസവും ഒന്നിലധികം കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്. ഷാര്‍ജയില്‍നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. ധരിച്ച ടീഷര്‍ട്ട്, പാന്റ്സ്, അടിവസ്ത്രം എന്നിവയില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. അടിവസ്ത്രത്തിനകത്ത് വരെ രഹസ്യ അറകൾ ഉണ്ടായിരുന്നു.
കരിപ്പൂരിൽ കഴിഞ്ഞ ദിവസവും സമാന രീതിയിൽ ഒരാൾ അറസ്റ്റിലായിരുന്നു. ഒന്നരക്കിലോ സ്വർണവുമായി കണ്ണൂർ സ്വദേശി മുഴുപ്പിലങ്ങാട് മമ്മകുന്ന് കുഞ്ഞിക്കണ്ടി ഇസുദീനാണ് പിടിയിലായത്. അബുദാബിയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കസ്റ്റംസിന്റെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി പോലീസ് വീണ്ടും പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്.
ഇതുകൂടാതെ, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 60 കോടിയുടെ ലഹരി മരുന്ന് കണ്ടെടുത്തിരുന്നു. പാലക്കാട് സ്വദേശി മുരളീധരന് നായരില്‍ നിന്ന് പിടികൂടിയത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയില്‍ 30 കിലോയുടെ ലഹരി വസ്തുക്കളാണ് യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത്. മെഥാക്വിനോള്‍ എന്ന ലഹരി മരുന്നാണ് കണ്ടെത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
Post Your Comments