പാലക്കാട്: കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളും ബി.ജെ.പി അനുഭാവികളെന്ന് പൊലീസ്. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായുള്ള അപേക്ഷയിൽ പൊലീസ് വ്യക്തമാക്കി. പ്രതികൾക്ക് ഷാജഹാനോട് വ്യക്തി വിരോധം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഷാജഹാൻ 2019 ൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവൃത്തികളിൽ പ്രതികൾക്ക് അതൃപ്തിയും എതിർപ്പുമുണ്ടായി. ഓഗസ്റ്റ് പതിനാലിനു പകലും ഒന്നാം പ്രതി നവീനുമായി ഷാജഹാൻ ഇതേ വിഷയത്തിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇതാണ് പെട്ടെന്നുള്ള പ്രകോപനം എന്നാണ് പാലക്കാട് എസ്.പി ആർ. വിശ്വനാഥ് വ്യക്തമാക്കിയത്.
എട്ടുപേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. ഷാജഹാൻ കൊലപാതകത്തിലെ പ്രതികളെ ആർ.എസ്.എസ് പ്രവർത്തകരായി സി.പി.എം മുദ്രകുത്തിയിരുന്നു. എന്നാൽ, തങ്ങൾ കമ്മ്യൂണിസ്റ്റുകാരാണെന്നും സി.പി.എം പ്രവർത്തകർ ആണെന്നും പ്രതികൾ തന്നെ വെളിപ്പെടുത്തിയിരുന്നു. താൻ സി.പി.എമ്മുകാരനാണെന്ന രണ്ടാം പ്രതി അനീഷിന്റെ മൊഴിയും, ഒന്നാം പ്രതി നവീന്റെ മൊഴിയും കണക്കിലെടുക്കാതെയാണ് പൊലീസ് ഇവരെ ബി.ജെ.പി അനുഭാവികളാക്കി മുദ്രകുത്തുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആവർത്തിക്കുന്നതിനിടെയാണ് അല്ലെന്ന് പ്രതികളുടെ തന്നെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. പോലീസിനും സി.പി.എം ഭാഷ്യം ആണെന്നതാണ് അത്ഭുതം. തങ്ങൾ സി.പി.എമ്മുകാരാണെന്ന പ്രതികളുടെ പ്രതികരണം സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. എന്നാൽ, ഇതിനെയും അതിവിദഗ്ധമായി സി.പി.എം പ്രതിരോധിക്കുന്നുണ്ട്. കൊലപാതകം നടത്തിയവരെ, പിന്നീട് എന്താണ് പറയേണ്ടതെന്നുവരെ ആര്.എസ്.എസ് പഠിപ്പിച്ചുവിട്ടിരിക്കുകയാണെന്നാണ് ഇതുസംബന്ധിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എന്.എന്. കൃഷ്ണദാസ് പ്രതികരിച്ചത്.
Post Your Comments