NewsIndia

നിങ്ങള്‍ക്കെല്ലാം തളികയില്‍ വച്ച് നീട്ടിത്തരണോ?: എഎപിയോട് സുപ്രീംകോടതി

ഡല്‍ഹിയിലെ ജലവിതരണം മുടങ്ങിയ വിഷയം സുപ്രീംകോടതിയിലെത്തിച്ച എഎപി ഗവണ്മെന്‍റിന് കോടതിയുടെ വക ശകാരം.

ഹരിയാനയില്‍ നടക്കുന്ന ജാട്ട് വിഭാഗക്കാരുടെ കലാപം മൂലമാണ് ഡല്‍ഹിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന മുനക് കനാലിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത്. ഈ വിഷയത്തില്‍ ഹരിയാന ഗവണ്മെന്‍റ്, കേന്ദ്രസര്‍ക്കാര്‍ എന്നിവരോട് അടിയന്തിരമായി ഇടപെടാന്‍ പറയണം എന്നാവശ്യപ്പെട്ടാണ് എഎപി സുപ്രീംകോടതിയെ സമീപിച്ചത്.

ചീഫ്ജസ്റ്റിസ് ടി എസ് താക്കൂര്‍ നേതൃത്വം നല്‍കുന്ന ബെഞ്ച്‌ എഎപിയുടെ ആവശ്യം പരിഗണിച്ച് രണ്ടു ദിവസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍, ഉത്തര്‍പ്രദേശ്‌ ഗവണ്മെന്‍റ് എന്നിവരോട് പ്രശ്നപരിഹാര നടപടികളിന്മേലുള്ള വിശദീകരണം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

പക്ഷെ ജസ്റ്റിസ് യു യു ലളിതും കൂടി ഉള്‍പ്പെട്ട ബെഞ്ച്‌ എഎപി-യെ ശകാരിച്ചതിനു ശേഷമാണ് മറ്റുനടപടികളിലേക്ക് കടന്നത്. തങ്ങളുടെ ആവശ്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റ് ഗവണ്മെന്‍റുകളുമായി കൂടിയാലോചിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ നേരിട്ട് സുപ്രീംകോടതിയെ സമീപച്ചതിനായിരുന്നു എഎപി ശകാരം കേട്ടത്.

“നിങ്ങള്‍ ഗവണ്മെന്‍റ് തലത്തില്‍ തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ക്ക് ശ്രമിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് എന്തിന്? നിങ്ങള്‍ക്ക് സുപ്രീംകോടതിയുടെ ഉത്തരവ് വേണം, എല്ലാം നിങ്ങള്‍ക്ക് ഒരു തളികയില്‍ വച്ചു നീട്ടിത്തരണം അല്ലെ?,” കോടതി ചോദിച്ചു.

“പ്രശ്നപരിഹാരത്തിന് ഉത്തരവാദിത്ത്വപ്പെട്ട നിങ്ങളുടെ മന്ത്രി പ്രശ്നസ്ഥലത്ത് പോയി പരിഹാരശ്രമങ്ങള്‍ നടത്താതെ ഇതാ കോടതിയില്‍ വന്നിരിക്കുന്നു. നിങ്ങള്‍ എയര്‍കണ്ടീഷന്‍ഡ് മുറികളില്‍ വിശ്രമിക്കുമ്പോള്‍ കോടതി ഇടപെട്ട് പ്രശ്നം തീര്‍ക്കണം അല്ലെ?,” കോടതിയില്‍ സന്നിഹിതനായിരുന്ന എഎപി ജലമന്ത്രി കപില്‍ മിശ്രയോട് ബെഞ്ച്‌ ചോദ്യമുന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button