KeralaLatest NewsNews

ഭാര്യ തന്റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന ഭർത്താവിന്റെ അധിക്ഷേപവും ക്രൂരതയാണ്: കോടതി

ഭർത്താവ് തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് ഭാര്യ മൊഴി നൽകിയിരുന്നു.

കൊച്ചി: ഭാര്യ തന്റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന ഭർത്താവിന്റെ അധിക്ഷേപവും ക്രൂരതയാണെന്ന് ഹൈക്കോടതി. മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി പരിഹസിക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാൻ പറ്റാത്ത മാനസിക ക്രൂരതയായിരിക്കുമെന്നും ഇതെല്ലാം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ക്രൂരതയെന്നാൽ ശാരീരികം മാത്രമല്ല മാനസികവുമാകാമെന്നാണ് മുൻ കോടതി വിധികൾ ഉദ്ധരിച്ച് ജസ്റ്റിസുമാരായ അനിൽ. കെ.നരേന്ദ്രൻ, സി.എസ്.സുധ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. കാലാനുസൃതമായി മാറും എന്നതിനാൽ ക്രൂരതയ്ക്ക് സമഗ്രമായ ഒരു നിർവചനം നൽകുക ബുദ്ധിമുട്ടാണ്. വൃത്തികെട്ട ഭാഷ ഉപയോഗിച്ച് വാക്കാലുള്ള അധിക്ഷേപങ്ങളും മാനസിക ക്രൂരതയിൽ പെടുമെന്നും കോടതി പറഞ്ഞു. ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധിയ്ക്കെതിരെ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ.

Read Also: സ്യൂട്ട്‌കേസുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍, പോലീസില്‍ അറിയിച്ച് കുടുംബം

ഭർത്താവ് തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് ഭാര്യ മൊഴി നൽകിയിരുന്നു. ഭാര്യ തന്റെ സങ്കൽപ്പത്തിലുള്ളത്ര സുന്ദരിയല്ലെന്നും, മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ താൻ നിരാശനാണെന്നും ഭർത്താവ് നിരന്തരം അധിക്ഷേപിക്കാറുണ്ട്. പുരുഷ സുഹൃത്തുക്കളിൽ നിന്ന് എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ ഭർത്താവ് വലിയ രീതിയിൽ അസൂയപ്പെടാറുണ്ടെന്നും ഭാര്യയുടെ മൊഴിയിൽ പറയുന്നു. ഇതെല്ലാം മാനസിക ക്രൂരതയാണെന്നും, വിവാഹമോചനത്തിന് മതിയായ കാരണങ്ങളാണെന്നും കോടതി വിലയിരുത്തി.

വിവാഹ ബന്ധം സാധ്യമാകുന്നിടത്തോളം നിലനിർത്തണമെന്നാണ് സമൂഹത്തിന്റെ താൽപര്യം. എന്നാൽ ദുരിതമുണ്ടാക്കുന്ന സാഹചര്യങ്ങൾ അനന്തമായി തുടരുന്നതിന് നേരെ കണ്ണടക്കാൻ നിയമത്തിനാവില്ലെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button