തിരുവനന്തപുരം ● റണ്‍വേയില്‍ തീ കണ്ടെത്തിയതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം തിരുവനന്തപുരത്ത് ഇറക്കാതെ തിരിച്ചുവിട്ടു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320( യു.എല്‍ -161) കൊളംബോ-തിരുവനന്തപുരം വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ കൊളംബോയിലേക്ക് തന്നെ തിരിച്ചുവിട്ടത്.
രാവിലെ 8.45 നാണ് വിമാനം തിരുവനന്തപുരത്ത് ഇറങ്ങേണ്ടിയിരുന്നത്. റണ്‍വേയില്‍ തീ കണ്ടതിനാല്‍ ലാന്‍ഡിംഗ് വൈകിപ്പിച്ച് കടലിന് മുകളില്‍ വട്ടമിട്ടു പറന്നവിമാനം വീണ്ടും ലാന്‍ഡിഗിന് ശ്രമിച്ചെങ്കിലും ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിന്റെ ലാന്‍ഡിംഗ് സമയമായിരുന്നതിനാല്‍ എയര്‍ട്രാഫിക് കണ്‍ട്രോളര്‍ ലാന്‍ഡിംഗ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് വിമാനം കൊളംബോയിലേക്ക് തന്നെ തിരിച്ചുപോകുകയായിരുന്നു.
കൊളംബോയില്‍ സുരക്ഷിതമായി തിരിച്ചെത്തിയ വിമാനം വീണ്ടും അവിടെ നിന്നും 9.58 ന് പുറപ്പെട്ട് 10.45 ഓടെ തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതാരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Post Your Comments