തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത കോൺഗ്രസിനെതിരെ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. കരിങ്കൊടി പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ എതിരല്ലെന്നും എന്നാല്‍ ക്രിമിനല്‍ കേസിലെ പ്രതികളെ വാടകയ്ക്കെടുത്ത് യൂത്ത് കോണ്‍ഗ്രസ് അയക്കുകയാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. മുഖ്യമന്ത്രി പ്രതിഷേധങ്ങളെ ഭയപ്പെടുന്നുവെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എന്തിനാണ് സമരം നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ ദിവസം കേച്ചേരിയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. മൂന്ന് പ്രവർത്തകരെ കസ്റ്റഡിയില്‍ എടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത്. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി. മുഖ്യമന്ത്രി കോഴിക്കോട് നിന്ന് ആലുവയിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം.
ഇന്‍റലിജന്‍സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുന്നകുളത്ത് 3 യൂത്ത് കോൺഗ്രസുകാരെ പൊലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു. കുന്നംകുളം നഗരസഭ കൗൺസിലറും മണ്ഡലം പ്രസിഡണ്ടുമായ ബിജു സി ബേബി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും മുൻ കൗൺസിലറുമായ പി ഐ തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷിത് ഓടാട്ട് എന്നിവരെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്.
Post Your Comments